നായ്ക്കള്‍ മനുഷ്യനോട് ഏറ്റവുമടുത്ത ജീവികളാണെന്ന് പറയാറുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നടന്ന ഏറ്റവും പുതിയ സംഭവം നായ്ക്കളുടെ വിശ്വസ്തതയ്ക്ക് അടിവരയിടുന്നതാണ്. ഡല്‍ഹി സ്വദേശിനിയായ 51കാരിയെ മോഷ്ടാവിന്റെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചതിന്റെ ക്രെഡിറ്റ് അവരുടെ വളര്‍ത്തു നായ ഷുഗറിന് മാത്രം അവകാശപ്പെട്ടതാണ്.
ദക്ഷിണ ഡല്‍ഹിയിലെ ആര്‍. കെ പുരം സ്വദേശിനിയെയാണ് കൊറിയര്‍ വിതരണക്കാരന്‍ ചമഞ്ഞെത്തിയ മോഷ്ടാവില്‍ നിന്നും ഷുഗര്‍ രക്ഷപ്പെടുത്തിയത്. താന്‍ ഒരു മെയില്‍ അയച്ചെന്നു പറഞ്ഞായിരുന്നു മോഷ്ടാവ് എത്തിയതെന്നും വാതില്‍ തുറന്ന തന്റെ ഭാര്യയെ തൊഴിച്ചിടുകയായിരുന്നുവെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. അന്നേരമാണ് ഷുഗറിന്റെ രംഗപ്രവേശം. അക്രമിയുടെ മേല്‍ ചാടിവീണ അവന്‍ അക്രമിയെ തറയിലേക്കു തള്ളിയിട്ടു.
എങ്ങനെയൊക്കെയോ എഴുന്നേറ്റ യുവാവ് പടിക്കെട്ടിന്റെ ചുവട്ടിലേക്ക് ഓടി. ഷുഗറും അക്രമിയുടെ പിന്നാലെയോടി. ഒരുവിധത്തില്‍ വീടിനു പുറത്തെത്തിയ അക്രമി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഷുഗറിന് 11 മാസമാണ് പ്രായം. ഈ സംഭവത്തോടെ വീട്ടുകാര്‍ക്ക് ഷുഗറിനോടുള്ള ഇഷ്ടവും കൂടിയിരിക്കുകയാണ്.