വിതുര : ബസുകളുടെ അഭാവത്തെ തുടര്‍ന്ന് വെള്ളനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവും മടങ്ങുന്നത് ഇരുപതിലധികം സര്‍വീസുകള്‍. പ്രതിദിനം 64 ഷെഡ്യൂളുകളുള്ള ഡിപ്പോയില്‍ നിന്ന് ഇപ്പോള്‍ 45 സര്‍വീസുകളില്‍ താഴെ മാത്രമേ നടത്താറുള്ളൂ. മലയോര മേഖലകളിലേക്കുള്ള സര്‍വീസുകള്‍ ഭൂരിഭാഗവും മുടങ്ങുന്നതിനാല്‍ യാത്രാക്ലേശവും രൂക്ഷമാണ്. ഡിപ്പോയില്‍ ഇപ്പോള്‍ 54 ബസുകളാണുള്ളത്. ഇതില്‍ ഏഴെണ്ണം കട്ടപ്പുറത്താണ്. മൂന്ന് ജനറം ബസില്‍ തകലാറിലായ ഒരെണ്ണം സെന്‍ട്രല്‍ ഡിപ്പോയില്‍ കൊണ്ടുപോയിട്ട് രണ്ട് മാസത്തോളമായി. ഇപ്പോഴുള്ള സര്‍വീസുകള്‍ക്കായ ജീവനക്കാരുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും, ബാക്കി സര്‍വീസുകള്‍ കൂടി ആരംഭിക്കുമ്പോള്‍ കൂടുതല്‍ ജീവനക്കാരെയും വേണ്ടിവരും.
പുതുതായി പത്ത് ബസുകള്‍ കൂടി അനുവദിച്ചാല്‍ മാത്രമേ മുടക്കം കൂടാതെ സര്‍വീസുകളും നടത്താനാകൂ. ഇതോടെ യാത്രാക്ലേശത്തിനും പരിഹാരമാകും. ഭൂരീഭാഗം ഷെഡ്യൂള്‍ സര്‍വീസുകളും മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന ഡിപ്പോയിലാണ് ഇപ്പോള്‍ ബസുകളുടെ അഭാവം യാത്രക്കാരെ ഏറെ വലയ്ക്കുന്നത്. സ്‌പെയര്‍പാര്‍ട്‌സുകളുടെ അഭാവവും സര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യഥാസമയം ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
20 മിനിട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന കാട്ടാക്കട–- വെള്ളനാട്-–നെടുമങ്ങാട് ചെയിന്‍ സര്‍വീസുകള്‍ സമയക്രമം പാലിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ചെയിന്‍ സര്‍വീസുകള്‍ ചിലപ്പോള്‍ ഒരു മണിക്കൂര്‍ കാത്ത് നിന്നാലും ലഭിക്കാത്ത സാഹചര്യമാണെന്നും യാത്രക്കാര്‍ പറയുന്നു. ബസുകളുടെ അഭാവം ഈ സര്‍വീസുകളുടെയും സാരമായി ബാധിക്കുന്നുണ്ട്. പുതിയ ബസുകള്‍ ലഭിക്കാത്തതാണ് ഡിപ്പോയുടെ അവസ്ഥയെ കൂടുതല്‍ പരിതാപക രമാക്കിയത്. അടിയന്തരമായി പുതിയ ബസുകള്‍ അനുവദിച്ച് സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിന് വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാക ണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പണിപൂര്‍ത്തിയായെങ്കിലും ഡിപ്പോയില്‍ ബസുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന തിനുള്ള ഡീസല്‍ ഫില്ലിംഗ് സ്‌റ്റേഷന്റെ ഉദ്ഘാടനം വൈകുന്നു. പരിശോധന നടത്തുന്നതിനായി കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് 12,000 ലിറ്റര്‍ ഇന്ധനം നിറച്ചു. എന്നിട്ടും ഇതുവരെ ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികളൊ ന്നുമായിട്ടില്ല. മേല്‍ക്കൂരയായില്ലെങ്കിലും പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ഫില്ലിംഗ് സ്‌റ്റേഷന്‍ ഉദ്ഘാടനം കാത്ത് കിടക്കുകയാണ്. കാട്ടാക്കട, നെടുമങ്ങാട്, സിറ്റി ഡിപ്പോകളില്‍ നിന്നുമാണ് വെള്ളനാട് ഡിപ്പോയിലെ ബസുകള്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി ഉദ്ഘാടനം നടത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നആവശ്യം ശക്തമാണ്.