മാന്നാര്‍: വേനല്‍ കനത്തതോടെ തരിശ് നിലങ്ങളിലും, കുറ്റിക്കാടുകളി ലും തീ പിടിക്കുന്നത് പതിവാകുന്നു. തീ അണയ്ക്കാനായി ഫയര്‍ഫോഴസ് നെട്ടോട്ടത്തിലാണ്. ചിലര്‍ ഉണങ്ങിക്കിടക്കുന്ന പാടശേഖരത്തിന് സ്വയം തീയിടുകയും എന്നാല്‍ നിയന്ത്രണവിധേയമല്ലാതെ വരുമ്പോള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയുമാണ് പതിവ്. ചിലയിടങ്ങളില്‍ അബദ്ധത്തിലാണ് തീ പടരുന്നത്.
അലക്ഷ്യമായി കത്തിച്ചിട്ട് കളയുന്ന വസ്തുക്കളില്‍ നിന്ന് തീ പടര്‍ന്നാണ് അപകടമാകും വിധത്തില്‍ തീ ആളുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാവേലിക്കര, ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സ് പരിധിയില്‍ ഒരു ഡസനോളം തീ പിടിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏക്കറുകണക്കിന് കിടക്കുന്ന സ്ഥലങ്ങളില്‍ തീ പടരുമ്പോള്‍ തീ അണയ്ക്കുവാനുള്ള സംവിധാനങ്ങള്‍ പോലും ഫയര്‍ഫോഴ്‌സിന്റെ പക്കല്‍ ഉണ്ടാകില്ല. കഴിഞ്ഞ ദിവസം കുട്ടംപേരൂരില്‍ മിനി ഇന്‍ഡസ്ട്രീസിന് സമീപമുള്ള ആലക്കോട് പാടശേഖരത്തിലെ 45 ഏക്കറോളം വരുന്ന പാടശേഖരത്തിന് തീ പടര്‍ന്നിരുന്നു.
ഒരാള്‍ ഉയരത്തില്‍ കളകള്‍ നില്‍ക്കുന്ന ഈ പാടശേഖരത്തില്‍ ഇറങ്ങി തീ അണയ്ക്കുവാന്‍ ഫയര്‍ഫോഴ്‌സ് നന്നേ പണിപ്പെട്ടു. വളരെ ദൂരത്തിലേക്ക് വെള്ളം ചീറ്റുന്നതിനുള്ള ഹോസുകള്‍ക്ക് ഒരു പരിധി വരെ നീളമേ ഉണ്ടാകാറുള്ളു. പാടത്തും മറ്റും തീ പടരുമ്പോള്‍ ഇത് ഫയര്‍ഫോഴ്‌സിനും ബുദ്ധുമുട്ടുണ്ടാക്കുന്നു. മണിക്കൂറുകളോളം നാട്ടുകാരുടെ സഹായത്തോടെ പ്രയത്‌നിച്ചിട്ടാണ് തീ നിയന്ത്രവിധേയമാക്കിയത്.
ബുധനൂര്‍ എണ്ണയ്ക്കാട്ട് വലിയകുഴി പാടശേഖരത്തിനും മാന്നാര്‍ ടൗണിനോട് ചേര്‍ന്നും കഴിഞ്ഞ ദിവസങ്ങളില്‍ തീ പിടിച്ചു. വേനല്‍ക്കാലമെത്തിയതോടെ തരിശ് പാടങ്ങളില്‍ തീ പിടിക്കുന്നത് സാധരണമായിരിക്കുകയാണ്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടെപെടല്‍ മൂലമാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്.