വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്: പിടിയിലായവര്‍ രാജ്യാന്തരബന്ധമുള്ള സംഘത്തിലെ കണ്ണികള്‍

ekm-creditcardകൊച്ചി: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി പണം തട്ടിയ കേസില്‍ പിടിയിലായവര്‍ രാജ്യാന്തര ബന്ധമുള്ള വന്‍ ശൃംഖലയുടെ കണ്ണികളെന്നു പോലീസ്. വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് ഈ മാസം രണ്ടിന് കൊച്ചിയില്‍ നിന്ന് കാസര്‍ഗോഡ് ചെങ്കള നാലാം മൈല്‍ സ്വദേശി മുഹമ്മദ് സാബിദ് പിടിയിലായതൊടെയാണ് ഹൈടെക് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കേസിലെ മുഖ്യകണ്ണികള്‍ ഇപ്പോഴും വലയില്‍ വീഴാനുണ്ടെന്നാണു പോലീസ് നല്‍കുന്ന വിവരം.

കാര്‍ഡ് നിര്‍മിച്ചതും മറ്റും ഇനിയും പിടിയിലാകാനുള്ളവരാണ്.  ഇപ്പോള്‍ കേസില്‍ പിടിയിലായവര്‍ കാര്‍ഡുകളുപയോഗിച്ച് തട്ടിപ്പ് നടത്തിയവരാണെന്നാണ് പോലീസിന്റെ നിഗമനം. ഉപഭോക്താക്കളുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി സാധനങ്ങള്‍ വാങ്ങിയാണ് സംഘം തട്ടിപ്പ് നടത്തിയത്. അതിവിദഗ്ധമായി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പിന് കളമൊരുക്കുന്നത്.

ദുബായിലും മറ്റും ജോലി ചെയ്തിരുന്ന സംഘത്തിലെ കണ്ണികള്‍ അവിടെ വച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ കാര്‍ഡുണ്ടാക്കുകയായിരുന്നു. കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ എടിഎം കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ സൈ്വപ് ചെയ്യാന്‍ നല്‍കുമ്പോള്‍ ഇത് സ്കിമ്മര്‍ എന്ന ഉപകരണത്തില്‍ ഉപഭോക്താവ് കാണാതെ സൈ്വപ്പ് ചെയ്യും. ഇതോടെ കാര്‍ഡിലെ വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും. പിന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഈ ഉപകരണത്തില്‍ ശേഖരിക്കപ്പെടും. പിന്നീട് മറ്റൊരു കാര്‍ഡിലേക്ക് ഈ വിവരങ്ങള്‍ പകര്‍ത്തും. അതിനുശേഷം ഈ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയാണ് ഇവര്‍ ചെയ്തിരുന്നത്.

Related posts