ശശാങ്ക് മനോഹര്‍ രാജിവച്ചു

sp-raji മുംബൈ: അന്താരാഷ്്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷനാകുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തത്സ്ഥാനം രാജിവച്ചു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബിസിസിഐയിലെ അംഗങ്ങള്‍ ഒരേ സമയം ഒരു പദവിയേ വഹിക്കാവൂ എന്ന നിബന്ധനയുള്ളതിനാലാണ് ശശാങ്ക് മനോഹര്‍ രാജിവയ്ക്കുന്നത്.

ശശാങ്ക് മനോഹര്‍ രാജിവയ്ക്കുന്ന ഒഴിവില്‍ ഇപ്പോള്‍ സെക്രട്ടറിയായിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംപി അനുരാഗ് ഠാക്കുറിനെ പ്രസിഡന്റ് സ്ഥാനത്തേക്കു പിന്തുണയ്ക്കുന്ന ഒരു വിഭാഗം ചരടുവലി തുടങ്ങിയിട്ടുണ്ട്. അനുരാഗിനാണ് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ അധ്യക്ഷന്‍ ശരദ് പവാറിനെയും പരിഗണിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിനസ് മാഗ്്‌നറ്റുമായ അജയ് ഷിര്‍കെ, ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല എന്നിവരുടെ പേരും പരിഗണിക്കുന്നതായി സൂചനയുണ്ട്.

ജഗ്്‌മോഹന്‍ ഡാല്‍മിയ അന്തരിച്ച ശേഷം സ്ഥാനമേറ്റെടുത്ത ശശാങ്ക് മനോഹര്‍ ഏഴു മാസത്തെ സേവനത്തെത്തുടര്‍ന്നാണ് ഒഴിയുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനവും മനോഹര്‍ രാജിവച്ചിട്ടുണ്ട്. ആദ്യമായാണ് ഐസിസിക്ക് ഒരു സ്വതന്ത്ര ചെയര്‍മാനെ ലഭിക്കുന്നത്. 2008-11 കാലഘട്ടത്തിലും ശശാങ്ക് മനോഹര്‍ ബിസിസിഐയെ നയിച്ചിട്ടുണ്ട്.

ഇത്രയും നാള്‍ തനിക്കു നല്‍കിയ പിന്തുണയ്ക്ക് സഹപ്രവര്‍ത്തകരോടു നന്ദി പറഞ്ഞു കൊണ്ടുള്ള കത്ത് ശശാങ്ക് മനോഹര്‍ അനുരാഗ് ഠാക്കൂറിന് അയച്ചു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തായിരുന്നു ശശാങ്ക് സ്ഥാനമേറ്റെടുത്തതെന്നും അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചുവെന്നും ബിസിസിഐ അംഗങ്ങള്‍ പറഞ്ഞു.

ബിസിസിഐ നിയമമനുസരിച്ച് അധ്യക്ഷന്‍ സ്ഥാനമൊഴിഞ്ഞാല്‍ 15 ദിവസത്തിനകം പുതിയ പ്രസിഡന്റ് ചുമതലയേറ്റെടുക്കണമെന്നാണ്. സെക്രട്ടറിയാണ് യോഗം വിളിക്കേണ്ടത്.

Related posts