ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി; പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Shaniപാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. നേരത്തെ ശാന്താ ജയറാമിനെയാണ് ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രാദേശിക എതിര്‍പ്പും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദവും ഏറിയതോടെ ഇവരെ മാറ്റി ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അതേസമയം മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാനിമോള്‍ മത്സരിക്കുന്നതിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളിലാരെങ്കിലും മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച അതൃപ്തി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനേയും ഷാനിമോള്‍ ഉസ്മാനേയും നേരിട്ടറിയിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. ഇതിനിടെ ഷാനിമോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നതിന് എതിര്‍പ്പില്ലെന്ന് പാലക്കാട് ഡിസിസി കെപിസിസിയെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ യുവടീമിന്റെ ഭാഗമായി ഇപ്പോഴും തുടരുന്ന ഷാനിമോളെ അമ്പലപ്പുഴയിലേക്കാണ്ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അമ്പലപ്പുഴ സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചതോടെ ഷാനിമോളുടെ സാധ്യത അടയുകയായിരുന്നു. ഇതോടെ ഷാനിമോള്‍ക്കു വേണ്ടി സമ്മര്‍ദ്ദം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും വീണ്ടുമുയരുകയായിരുന്നു. ഐ ഗ്രൂപ്പുകാരിയായ ശാന്താജയറാമിനെതിരെ ഉയര്‍ന്ന പ്രാദേശിക എതിര്‍പ്പും ഷാനിമോളെ പരിഗണിക്കാന്‍ കാരണമായി.

Related posts