ചേര്‍പ്പ്: കഥകളി ആസ്വാദക വേദി നടത്തിയ ദുര്യോധന വധം കഥകളിയുടെ ആദ്യ ഭാഗത്ത് സദനം കൃഷ്ണന്‍കുട്ടി ആശാന് ദുര്യോധനനായി രംഗത്ത് അവതരിപ്പിച്ച കേകി നൃത്തം ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. ഭാനുമതിയുടെ തലമുടിയുടെ ഭംഗി കണ്ട് മേഘങ്ങളാണെന്നു തെറ്റിദ്ധരിച്ച് മയിലുകള്‍ നൃത്തം ചെയ്യുന്നു എന്ന ചരണത്തിലാണ് കേകി നൃത്തം അവതരിപ്പിച്ചത്. ദുര്യോധനവധത്തില്‍ കേകി അത്യപൂര്‍വ്വമാണ്. സാധാരണ നരകാസുരവധത്തിലാണ് പതിവ്. പഞ്ചപാണ്ഡവരും പാഞ്ചാലിയുമായുള്ള പുറപ്പാടോടെയാണ് കഥകളി ആരംഭിച്ചത്.
ധര്‍മ്മപുത്രരും പഞ്ചാലിയുമായുള്ള പതിഞ്ഞ പദം അരങ്ങില്‍ അത്യപൂര്‍വമാണ്. കോട്ടക്കല്‍ കേശവന് കണ്ടലായര് ധര്‍മ്മപുത്രരായും കോട്ടയ്ക്കല്‍ പ്രദീപ് പാഞ്ചാലിയായും രംഗത്തെത്തി. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് ദുശ്ശാസ്സനനായും അരങ്ങിലെത്തി. തികഞ്ഞ നര്മ്മഭാവനയോടെയാണ് പാണ്ഡവ സഭയിലേക്കുള്ള ലോഷയാത്രയുടെ ഒരുക്കങ്ങള്‍ അവതരിപ്പിച്ചത്.
പാലനാട് ദിവാകരന്, കോട്ടയ്ക്കല്‍ മധു, സന്തോഷ് എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം ബാലസുന്ദരന്‍, കോട്ടയ്ക്കല്‍ വിജയരാഘവന് എന്നിവര്‍ ചെണ്ടയിലും കോട്ടയ്ക്കല്‍ രാധാകൃഷ്ണന് ,കലാനിലയം പ്രകാശന് എന്നിവര്‍ മേളത്തിലും പിന്നണിയൊരുക്കി. ചേര്‍പ്പ് കഥകളി ഉത്സവത്തിലെ രണ്ടാം ദിവസം ദുര്യോധന വധം, ശകുനിയും ദുര്യോധനനുമായുള്ള രംഗത്തോടെ ആരംഭിക്കും.കലാമണ്ഡലം പ്രദീപ്, കോട്ടയ്ക്കല്‍ ദേവദാസ്, ചമ്പക്കര വിജയന്, മയ്യനാട് രാജീവന്, കലാമണ്ഡലം അരുണ്‍ വാര്യര്‍, കലാമണ്ഡലം നീരജ് എന്നിവര്‍ വേഷമിടും. നാലു കൃഷ്ണ വേഷങ്ങളുമായുള്ള പകുതി പുറപ്പാടും മേളപ്പദവും ആദ്യം അവതരിപ്പിക്കും. നെടുമ്പള്ളി രാംമോഹന്‍, വേങ്ങേരി നാരായണന് (സംഗീതം) കലാമണ്ഡലം ഹരീഷ്, വേണു മോഹന്‍ (ചെണ്ട) കലാമണ്ഡലം രാജ് രാരായണന്, ഹരിഹരന് (മദ്ദളം ) എന്നിവരും പങ്കെടുക്കും.