അറക്കുളം: സംസാരശേഷിയില്ലാത്ത സാവിയോയുടെ മരണത്തില്‍ ദുരൂഹത ഉളളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്വേഷണം ആവശ്യപ്പെട്ട് വീട്ടുകാര്‍. ഇലപ്പളളി കണ്ണിക്കല്‍ സാവിയോ മരണപ്പെട്ടിട്ട് 12 ദിവസമായി. മരണത്തില്‍ ദുരൂഹത ഉളളതായി അന്നുതന്നെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. തൊടുപുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സാവിയോ അവിടെ അടുത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
സാവിയോയുടെ മരണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വര്‍ക്ക് ഷോപ്പ് ഉടമ അന്ന് പറഞ്ഞിരുന്നത്. അതുകൊണ്ട് ബന്ധുക്കള്‍ തൊടുപുഴ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇലപ്പളളി സെന്റ് മേരീസ് പളളിയില്‍ സംസ്ക്കാരവും നടത്തി. സാവിയോയുടെ മരണത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ ബന്ധുക്കളുടെ അഭിപ്രായം കേള്‍ക്കാന്‍ തൊടുപുഴ പോലീസും നിസംഗത കാണിച്ചിരുന്നു. ഇതെല്ലാം ബന്ധുക്കളില്‍ സംശയം ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയപ്പോഴാണ് ബന്ധുക്കളുടെ സംശയം വര്‍ധിച്ചത്.സാവിയോയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും കിഡ്‌നിയില്‍ പഴുപ്പും തലയ്ക്കും ശരീരത്തിലും മുറിവുകളും കൈയില്‍ നീല നിറത്തിലുളള പാടുകളും കാണപ്പെട്ടതിനാല്‍ സാധാരണ മരണമായി കാണാന്‍ കഴിയില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇനി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടു പറയാമെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് സര്‍ജന്‍ ഡോ. ജയിംസ് കുട്ടി ബി.കെ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാവിയോയുടെ മരണം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്നും മരണത്തിന് ഉത്തരവാദികളായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സാവിയോയുടെ മാതാവ് മേരി ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.