കാസര്‍ഗോട്ടെ തട്ടിക്കൊണ്ടു പോകല്‍ നാടകം, മീനുവിനെയും കുട്ടിയെയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടി, ഒളിച്ചോട്ട നാടകത്തിനു പിന്നിലെ കാരണം തപ്പി പോലീസും ബന്ധുക്കളും

കാസര്‍ഗോഡ് ചിറ്റാറിക്കല്‍ വെള്ളടുക്കത്ത് അക്രമി സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയെന്നത് വെറും നാടകം മാത്രം. വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു കൃഷ്ണ(23) മകന്‍ സായി കൃഷ്ണ (3) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരയോടെ കാറിലെത്തിയ സംഘം തട്ടി കൊണ്ട് പോയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇരുവരെയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കണ്ടെത്തി.

മാലൊത്ത് ബൈക്ക് മെക്കാനിക്കായി ജോലി നോക്കുന്ന കൈതവേലി മനുവിന്റെ ഭാര്യയാണ് മീനു. രാവിലെ മനു ജോലിയ്ക്കു പോയതിനു ശേഷമായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് മീനു മനുവിനെ ഫോണില്‍ വിളിച്ചിരുന്നു. തന്നെ ചിലര്‍ ആക്രമിക്കുന്നതായും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞയുടന്‍ കരഞ്ഞുകൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതേസമയം നാടകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Related posts