സുനാമി മോക് ഡ്രില്‍ നാളെ കരിത്തുറയില്‍

klm-sunamiകൊല്ലം ചവറ ഐ ആര്‍ ഇ ക്ക് സമീപം കരിത്തുറ ബീച്ചില്‍ നാളെ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 6.30 വരെ സുനാമി മോക് ഡ്രില്‍  നടത്തും. മോക് ഡ്രില്‍ നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ല കളക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. മോക് ഡ്രില്‍ നടക്കുന്ന കരുത്തുറ പ്രദേശത്തെ ജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. സുനാമി ദുരന്തം നേരിടുന്നതിനുള്ള  ജില്ലയിലെ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്.

സുനാമി ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിക്കുകയും തുടര്‍ന്ന് ദുരന്തം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം സങ്കല്‍പ്പിച്ചുകൊണ്ട് വിവിധ വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതേ ദിവസം മറ്റ് എട്ടു ജില്ലകളിലും മോക് ഡ്രില്‍ സംഘടിപ്പിച്ചിട്ടുണ്ട്.ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നേതൃത്വം നല്‍കുന്ന മോക്ഡ്രില്ലില്‍ പോലീസ്,  അഗ്നിശമന സേന, ദുരന്തനിവാരണ സേന, ആരോഗ്യവകുപ്പ്,    റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും പങ്കുചേരും.

ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോക്ഡ്രിലിനുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തി. എ ഡി എം മധു ഗംഗാധര്‍, കരുത്തുറ പള്ളി വികാരി റവ.ഡോ.ഷാജി ജര്‍മന്‍, ബി സി സി കോ ഓര്‍ഡിനേറ്റര്‍ ജേക്കബ്ബ് ജോസഫ് നെറ്റോ, പഞ്ചായത്ത് അംഗങ്ങളായ ഇ യോഹന്നാന്‍, മോഹി ഭവിയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts