ചവറ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കി കേരളത്തെ സുരക്ഷിതമാക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സുരക്ഷിത ചവറ പദ്ധതിയുടെ ഉദ്ഘാടനം എസ്ജികെ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃക ആവുകയാണ് സുരക്ഷിത ചവറ എന്ന പദ്ധതിയിലൂടെ ചവറ. കേരളത്തിലെ തന്നെ ആദ്യ സംരംഭമായ ഈ പദ്ധതി മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. കേരളത്തില്‍ പഴയതിനേക്കള്‍ ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
നവീന സാങ്കേതിക മാര്‍ഗങ്ങളിലൂടെ കുറ്റകൃത്യങ്ങല്‍ കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തോട്ടപ്പളളി നീണ്ടകര തീരദേശ റോഡ് മാതാ അമൃതാനന്ദമയി മഠത്തിന്റെ സഹായത്തോടെ മൂന്ന് വര്‍ഷത്തിനുളളില്‍ നടപ്പിലാക്കും. കുറ്റ കൃത്യങ്ങള്‍ കുറക്കാന്‍ കഴിയുന്ന തരത്തില്‍ ആണ് ചവറയില്‍ സ്ഥാപിക്കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കാമറകള്‍ എന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കുറ്റകൃത്യങ്ങള്‍ കൂടുന്നതില്‍ പോലീസിനെ മാത്രം പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.ജില്ലാ പോലീസ് മേധാവി പി. പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ശോഭ, ചവറ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ലളിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍. അരുണ്‍ രാജ്, മോഹന്‍ ലാല്‍, പഞ്ചായത്തംഗം സോഫിയ സലാം, ചക്കനാല്‍ സനല്‍കുമാര്‍, കരുനാഗപ്പള്ളി എസിപി എസ്.സുരേഷ് കുമാര്‍, ഇലക്‌ട്രോണിക്‌സ് അസി. എന്‍ജിനിയര്‍ എസ്. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മന്ത്രി ഷിബു ബേബി ജോണിന്റെ വികസന ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടി ഇരുപത്തി നാല് ലക്ഷം രൂപ ഉപയോഗിച്ച് സിറ്റി പോലീസിന്റെ നിയന്ത്രണത്തില്‍ ചവറ, ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ ഘട്ട പദ്ധതിയാണ് സുരക്ഷിത ചവറ.തുടര്‍ന്ന് തെക്കുംഭാഗം പോലീസ് സ്റ്റേഷനെയും സുരക്ഷിത ചവറയുടെ ഭാഗമാക്കും. ചവറയുടെ പ്രധാന ഭാഗങ്ങളില്‍ നീരീഷണ കാമറകള്‍ സ്ഥാപിക്കുന്നതോടെ ഒരു പരിധി വരെ കുറ്റകൃത്യങ്ങളും റോഡ് നിയമം ലംഘിക്കപ്പെടുന്നവരെയും പിടികൂടാം എന്നുളളതാണ് സുരക്ഷിത ചവറയുടെ പ്രത്യേകത. രാത്രിയിലും പ്രവര്‍ത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കാമറകളാണ് സ്ഥാപിക്കുന്നത്.