ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും മുന്‍ ചാമ്പ്യന്മാരായ ബയേണും ഇറങ്ങും. ന്യൂകാമ്പില്‍ ആദ്യപാദത്തില്‍ 2-1നു ജയിച്ച ബാഴ്‌സയ്ക്ക് അത്‌ലറ്റിക്കോയുടെ തട്ടകമായ വികെന്തെ കാല്‍ഡെറോണില്‍ ജയിക്കുക എളുപ്പമാവില്ല. ആദ്യപാദത്തിലെ ജയത്തിന്റെ അത്മവിശ്വാസത്തിലായിരിക്കും ബെനഫിക്കയുടെ തട്ടകമായ എസ്റ്റാഡിയോ ഡാ ലൂയിസില്‍ ബയേണ്‍ ഇറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരങ്ങള്‍.
പരാജയങ്ങളില്‍നിന്നു മോചനം തേടി ബാഴ്‌സ
ബാഴ്‌സയ്ക്കിത് അഭിമാനപ്പോരാട്ടമാണ്. ചാമ്പ്യന്‍സ് ലീഗ് സെമി എന്നതിലപ്പുറം ഒരു വിജയം തന്നെയാണ് ബാഴ്‌സയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത്. അത്‌ലറ്റിക്കോയ്‌ക്കെതിരേ ന്യൂകാമ്പില്‍ നടന്ന ആദ്യപാദത്തിലെ വിജയത്തിനു ശേഷം ഒരു മത്സരം പോലും ജയിക്കാന്‍ ബാഴ്‌സയ്ക്കു കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായി 39 കളി ജയിച്ചെത്തിയ എന്റിക്കെയുടെ ടീമിനേറ്റ അപ്രതീക്ഷിത പ്രഹരമായിരുന്നു എല്‍ ക്ലാസിക്കോയിലെ തോല്‍വി. ആ തോല്‍വിയുടെ ചൂടാറും മുമ്പ് അടുത്ത മത്സരത്തിലും തോല്‍വി. ഇത്തവണ റയല്‍ സോസിഡാഡിനോടാണ് അടിപതറിയത്. കൈയ്യെത്തും ദൂരത്തിരുന്ന ലാലിഗാ കിരീടം ഇതോടെ കയ്യാലപ്പുറത്തെ തേങ്ങ പോലെയായി. അത്‌ലറ്റിക്കോയും റയലും ബാഴ്‌സയുടെ തൊട്ടടുത്തെത്തുകയും ചെയ്തു.
കഴിഞ്ഞ വാരത്തിലെ പ്രകടനം നോക്കിയാല്‍ അത്‌ലറ്റിക്കോയ്ക്കാണ് അല്പം മുന്‍തൂക്കമെന്നു പറയേണ്ടിവരും. വിചെന്റെ കാല്‍ഡെറോണില്‍ രണ്ടാം പാദമത്സരത്തിനിറങ്ങുമ്പോള്‍ 2013-14 സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഓര്‍മകള്‍ ബാഴ്‌സയെ ഭയപ്പെടുത്തുന്നുണ്ടാകും. അന്ന് ന്യൂകാമ്പില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. എന്നാല്‍ അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തിന്റെ ഇഞ്ചുറി ടൈമില്‍ കൊക്കെ നേടിയ ഗോളില്‍ ബാഴ്‌സ പുറത്തായി.
ലാലിഗയില്‍ എസ്പാന്യോളിനെ 3-1നു തകര്‍ത്താണ് അത്‌ലെറ്റിക്കോയുടെ വരവ്. സസ്‌പെന്‍ഷനിലായ ഫെര്‍ണാണേ്ടാ ടോറസ് കളിക്കാത്തത് സിമിയോണിയുടെ ടീമിന് തിരിച്ചടിയാകും. ഡിഫന്‍ഡര്‍മാരായ ഹാസെ ഹിമെനെസും സ്‌റ്റെഫാന്‍ സാവിച്ചും പരിക്കിന്റെ പിടിയിലായതിനാല്‍ കളിക്കാന്‍ സാധ്യത കുറവാണ്. മുന്നേറ്റനിരയില്‍ അന്റോണിയോ ഗ്രീസ്മാന്‍ മികച്ചഫോമിലാണെന്നത് അത്‌ലറ്റിക്കോയ്ക്കു പ്രതീക്ഷ നല്‍കുന്നു. ഡിയെഗോ ഗോഡിന്‍ മടങ്ങി വന്നത് അത്‌ലറ്റിക്കോയുടെ പ്രതിരോധനിരയ്ക്കു കരുത്തേകുന്നു.
മറുവശത്ത് ജെറാഡ് പിക്വെ ജെറാര്‍ പീക്കെ, അലക്‌സ് വിദാല്‍, റാഫിഞ്ഞ എന്നിവരും പരിക്കിന്റെ പിടിയിലാണ്. നെയ്മര്‍-സുവാരസ്-മെസി ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. ആദ്യ പാദത്തിലെ രണ്ടു ഗോളും സുവാരസിന്റെ വകയായിരുന്നു. 2014 ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ അത്‌ലറ്റിക്കോയും കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ബാഴ്‌സയും ഇറങ്ങുമ്പോള്‍ വിചെന്റെ കാല്‍ഡെറോണിലെ പുല്ലുകള്‍ക്കു തീപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അപ്രമാദിത്തം നിലനിര്‍ത്താന്‍ ബയേണ്‍
ബുണ്ടസ് ലിഗായില്‍ കിരീടപോരാട്ടത്തില്‍ മുമ്പിലുള്ള ബയേണിന് ഈ ചാമ്പ്യന്‍സ് ലീഗ് കിരീടം അനിവാര്യമാണ്. ഈ സീസണിനു ശേഷം ക്ലബ് വിടുന്ന കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ബയേണ്‍ ലക്ഷ്യമിടുന്നില്ല. അലൈന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ അത്രയൊന്നും ആധികാരികമല്ലായിരുന്നു സൂപ്പര്‍താരങ്ങളാല്‍ സമ്പന്നമായ ബയേണിന്റെ വിജയം. ചിലിയന്‍ താരം അര്‍തുറോ വിദാല്‍ രണ്ടാം മിനിറ്റില്‍ നേടിയ ഏകഗോളിനായിരുന്നു ബയേണിന്റെ ജയം. ലിസ്ബണില്‍ ബെനഫിക്കയെ നേരിടുമ്പോള്‍ കരുതിയിരിക്കണമെന്നു ബയേണ്‍ ഡിഫന്‍ഡര്‍ യുവാന്‍ ബെര്‍ണറ്റ് പറഞ്ഞതിന്റെ കാരണവും ഇതുതന്നെ. ആര്യന്‍ റോബന്‍, ജെറോം ബോട്ടെംഗ്, ഹോള്‍ഗെ ബാഡ്‌സ്റ്റിയൂബര്‍ എന്നിവര്‍ പരിക്കുമൂലം ബയേണ്‍ നിരയില്‍ ഉണ്ടാവില്ലെന്നുറപ്പായി.
കിംഗ്‌സ്‌ലീ കോമന്‍, മെധി ബെനാറ്റിയ എന്നിവരും കളിക്കാന്‍ സാധ്യത കുറവാണ്. 4-1-4-1 എന്ന കേളീശൈലിയിലായിരിക്കും ബയേണ്‍ അണിനിരക്കുക. ഏക സ്‌ട്രൈക്കറായി ലെവന്‍ഡോസ്കി കളത്തിലിറങ്ങുമ്പോള്‍ റിബറി, മ്യൂളര്‍, വിദാല്‍, കോസ്റ്റ എന്നിവര്‍ മധ്യനിരയില്‍ കളിനിയന്ത്രിക്കും. മധ്യനിരതാരം നിക്കോളാസ് ഗെയ്ത്താന്റെ പ്രകടനം ബെനഫിക്കയുടെ കളിയില്‍ നിര്‍ണായകമാവും. നോക്കൗട്ട് റൗണ്ടില്‍ ബെനഫിക്ക നേടിയ മൂന്നു ഗോളിലും ഗെയ്ത്താന്റെ സ്പര്‍ശമുണ്ടായിരുന്നു. ഗ്രീക്ക് താരം കോണ്‍സ്റ്റാന്റിനോസ് മിട്രേഗ്ലൂവിനെ ഏക സ്‌ട്രൈക്കറാക്കിയുള്ള 4-2-3-1 എന്ന കേളീ ശൈലിയിലായിരിക്കും ബെനഫിക്ക ഇറങ്ങുക.
പരിക്കേറ്റ ഗോള്‍ കീപ്പര്‍ ജൂലിയോ സെസാര്‍ ഇന്നു കളിക്കാന്‍ സാധ്യത കുറവാണ്. പകരം 22കാരനായ എഡേഴ്‌സണ്‍ മൊറേയ്‌സ് വലകാക്കും. 1989-90 സീസണിനു ശേഷമുള്ള ആദ്യസെമിയാണ് ബെനഫിക്ക ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ ആറ് ഏവേ മത്സരങ്ങളിലും ബയേണിന് വിജയിക്കാനായില്ലെന്നത് ബെനഫിക്കയുടെ ആത്മവിശ്വസം കൂട്ടുന്നു. മൂന്നു മത്സരം തോറ്റപ്പോള്‍ മൂന്നെണ്ണത്തില്‍ സമനിലയായിരുന്നു ഫലം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ മുമ്പ് മൂന്നുപ്രാവശ്യം ഏറ്റുമുട്ടിയപ്പോഴും വിജയം ബയേണിന്റെ കൂടെയായിരുന്നു. 1995-96 കാലഘട്ടത്തിലായിരുന്നു അവസാനമായി ഇരുടീമും ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. അന്ന് സ്വന്തം തട്ടകത്തില്‍ 4-1നു വിജയിച്ച ബയേണ്‍ പോര്‍ട്ടോയെ അവരുടെ മൈതാനത്ത് 3-1നാണ് തകര്‍ത്തുവിട്ടത്.