സൈക്കിളുകാരന്‍ കാറിനെ മറികടന്നാല്‍…! കാറിനെ മറികടന്ന സൈക്കിള്‍ യാത്രികന് 10,000രൂപ പിഴ

cycleഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാറിനെ മറികടന്ന സൈക്കിള്‍ യാത്രികനായ 65കാരന്‍ ലൗറി ഡങ്കന് 150 ഡോളര്‍(10,000രൂപ) പോലീസ് പിഴ ചുമത്തി.  ഇടതുസൈഡിലേക്ക് ഇന്‍ഡിക്കേറ്റര്‍ കാട്ടിയ കാറിന്റെ ഇടതു സൈഡില്‍ക്കൂടിത്തന്നെ സൈക്കിളോടിച്ചതുകൊണ്ടാണ് പിഴ ചുമത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇന്‍ഡിക്കേറ്റര്‍ കാട്ടിയിരുന്നെങ്കിലും കാല്‍നടയാത്രക്കാര്‍ക്ക് കടന്നുപോകാനായി നിര്‍ത്തിയിട്ടിരുന്ന കാറിനെയാണ് താന്‍ മറികടന്നതെന്ന് ഡങ്കന്‍ അവകാശപ്പെടുന്നു. മാത്രമല്ല, കാറിന്റെ വലതുവശത്തുകൂടി പോകുന്നത് അപകടകരവുമായിരുന്നു. ഇത്രയും വലിയ തുക പിഴ ചുമത്തിയപ്പോള്‍ താന്‍ സ്തബ്ധനായിപ്പോയതായി ഡങ്കന്‍ പറഞ്ഞു.

താന്‍ ചെയ്തത് വലിയ കുറ്റമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ ദിവസേന റോഡില്‍ നടക്കുന്നതാണെന്നും ഡങ്കന്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി ബൈസക്കിള്‍ നെറ്റ്‌വര്‍ക്കില്‍ അംഗവും കൂടിയായ ഇയാള്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. ബൈസക്കിള്‍ നെറ്റ്‌വര്‍ക്ക് സംഘടന ഇയാള്‍ക്ക് വേണ്ടി വാദിക്കാന്‍ മിടുക്കനായ ഒരു വക്കീലിനെ നിയമിച്ചെങ്കിലും വിധി ഇവര്‍ക്ക് പ്രതികൂലമായിരുന്നു.  ട്രാഫിക് അധികൃതര്‍ ഇത്രയധികം ജാഗ്രത എല്ലായിടത്തും പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ബൈസക്കിള്‍ നെറ്റ്‌വര്‍ക്കിന്റെ സീനിയര്‍ പോളിസി അഡൈ്വസര്‍ ഗാരി ബ്രണ്ണന്‍ പറഞ്ഞു.

Related posts