കൊല്ലം: വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി. ഒന്നാംക്ലാസിന്റെ പടികയറാന്‍ ആയിരക്കണക്കിന് കുട്ടികള്‍. പതിവ് തെറ്റിക്കാതെ കരഞ്ഞും പിന്നീട് ചിരിച്ചുമൊക്കെയുള്ള പ്രകൃതത്തോടെയാണ് രക്ഷിതാക്കളുടെ കൈപിടിച്ച് കുരുന്നുകള്‍ പടിചവിട്ടിയത്. റവന്യൂ ജില്ലാ സ്കൂള്‍ പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് കടയ്ക്കല്‍ ഗവ. വിഎച്ച്എസ്എസില്‍ നിയുക്ത എംഎല്‍എ മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് വി.സുബ്ബലാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് കെ.രാജേന്ദ്രപ്രസാദ് സന്ദേശം നല്കി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പഠനോപകരണങ്ങള്‍ നല്കി കുട്ടികളെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ ഉപഹാരം നല്കി.’
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ജില്ലാ പഞ്ചായത്തംഗം പി ആര് പുഷ്കരന്, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് എസ് ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ബാബുക്കുട്ടന്, ഡിപിഒ (എസ്എസ്എ) ഡോ.എസ്. ഷാജു, ഡിഇഒറ്റി ആര്. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ചവറ: പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലേന്തി കുരുന്നുകള്‍ ഇന്ന് അക്ഷര മുറ്റത്തേയ്ക്ക് പ്രവേശിച്ചു. രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ക്ലാസ് മുറികളും പരിസരവും വര്ണശബളമാക്കിയിരുന്നു. ചവറ വിദ്യാഭ്യാസ ഉപജില്ല പ്രവേശനോത്സവം ചവറ മുക്കുത്തോട് സര്‍ക്കാര്‍ യുപി സ്കൂളില്‍ നടന്നു. രാവിലെ 10ന് നടക്കുന്ന ചടങ്ങ് ചവറയുടെ നിയുക്ത എംഎല്‍എ എന്‍ വിജയന് പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്, സ്കൂള്‍ തലങ്ങളിലും പ്രവേശനോത്സവം നടന്നു. മിക്ക സ്കൂള്‍ അധികൃതരും മധുര പലഹാരങ്ങള്‍, ബലൂണ്‍ എന്നിവ നല്കി കുരുന്നുകളെ സ്വീകരിക്കുകയായിരുന്നു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ലാ പഞ്ചായത്ത്തല പ്രവേശനോത്സവം കുലശേഖരപുരം ആദിനാട് ഗവ.യുപി സ്കൂളില്‍ നട”ന്നു. ഇതിനോടനുബന്ധിച്ച് സ്കൂള്‍ ശതാബ്ദി ആഘോഷ ഉദ്ഘാടനവും നടന്നു. ആഘോഷപരിപാടികള്‍ നിയുക്ത എഎംഎല്‍എ ആര്.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം സി.രാധാമണി, ഹെഡ്മിസ്ട്രസ് ഐ.ബുഷ്റ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനോത്സവത്തിന് വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിരുന്നത്. ഒന്നാം ക്ലാസിലേക്ക് എത്തുന്ന നവാഗതരെ മധുരം നല്കി അധ്യാപകര്‍ സ്വീകരിച്ചു.പുനലൂര്‍: രണ്ടുമാസക്കാലത്തെ സ്കൂള്‍ അവധിക്കുശേഷം കുട്ടികള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക് പ്രവേശനോത്സവത്തോടെ എത്തി.
പുതിയ കളിപ്പാട്ടങ്ങലും വര്‍ണച്ചിത്രങ്ങളുമായി കുരുന്നുകളെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു പിടിഎയും സ്കൂള്‍ അധ്യാപകരും. പുനലൂരിലെ പ്രമുഖ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. തൊളിക്കോട് ഗവ. എല്‍പിഎസ്, ആരംപുന്ന സ്കൂള്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസില്‍ എത്തിയിട്ടുള്ളത്. പിടിഎകളുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം ആവേശകരമാക്കി. പുനലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പുതിയതായി നിരവധി കുട്ടികള്‍ എത്തിയിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ ഈ വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതലായി എത്തുകയായിരുന്നു. സ്കൂള്‍ ബാഗുകള്‍ക്കും യൂണിഫോമിനും കുടകള്‍ക്കും ബുക്കുകള്‍ക്കും ടിഫിന്‍ ബോക്സുകള്‍ക്കും വില വര്‍ധിച്ചത് രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കി.