സ്വകാര്യബസുകള്‍ക്ക് വാതിലുകള്‍ കര്‍ശനമാക്കും

ktm-busകുണ്ടറ: സര്‍ക്കിള്‍ പരിധിയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് വാതിലുകള്‍ കര്‍ശനമാക്കുമെന്ന് കുണ്ടറ സിഐ പി.വി രമേഷ്കുമാര്‍ അറിയിച്ചു. വാതിലുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരവും ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇതിനെതിരെ കര്‍ശനമായ നടപടി ആരംഭിക്കും. വാതിലുകള്‍ ഇല്ലാത്ത ബസുകള്‍ പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുമെന്നും സിഐ പറഞ്ഞു. കുണ്ടറ ആശുപത്രിമുക്കില്‍ റെയില്‍വേ കീഴ് പാലത്തിന് സമാന്തരമായി നിര്‍ത്തിയിട്ടിരിക്കുന്ന സര്‍വീസ് ബസുകള്‍ക്കുനേരെയും നടപടിയുണ്ടാകും.

മുക്കടയില്‍ സര്‍വീസ് ബസുകള്‍ ബസ്‌ബേയില്‍നിര്‍ത്തുന്നില്ല. ഇത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതായി പരാതിയുണ്ട്. പരാതിപരിഗണിച്ച് മേല്‍നടപടി സ്വീകരിക്കും.  ബസ്‌ബേയില്‍  പാര്‍ക്കുചെയ്യുന്ന സ്വകാര്യവാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സിഐ അറിയിച്ചു. മദ്യ മയക്കുമരുന്നുകള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് നിരവധിപരാതികളാണ് ലഭിക്കുന്നത്.
ഗുരുതരമായ വിപത്തുകള്‍ക്ക് കാരണമാകുന്ന മദ്യമയക്കുമരുന്ന് വില്‍പ്പന തടയാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടി തുടരും. ഇവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കും. തൊഴിലുടമകള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍നിന്നും നല്‍കുന്ന ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണം. രാത്രിയില്‍ മുക്കടയില്‍ മദ്യപാനികളുടെ ശല്യം വര്‍ധിച്ചുവരുന്നതായുള്ള പരാതിയില്‍ പട്രോളിംഗ് ശക്തമാക്കുമെന്നും സിഐ അറിയിച്ചു.

Related posts