കൊടുങ്ങല്ലൂര്‍: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ പേരില്‍ പലരില്‍നിന്നും പണവും സ്വര്‍ണവും ഉള്‍പ്പെടെ ആറര കോടിയോളം തട്ടിയെടുത്ത കേസിലെ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് താനത്തുപറമ്പില്‍ ഹസീന(43), ഭര്‍ത്താവ് താനത്തുപറമ്പില്‍ ഹാരീസ്(40) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സിഐ സി.ബി.ടോമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നടയില്‍ പണമിടപാടുസ്ഥാ പനത്തില്‍ ജോലിയിലിരിക്കെ മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് അഡൈ്വസര്‍ പദവി ഉപയോഗിച്ച് അധികപലിശ തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നാലര കോടി രൂപയും കിലോക്കണക്കിനു സ്വര്‍ണവുമാണ് ഇവര്‍ 25ഓളം പേരില്‍നിന്നായി തട്ടിയെടുത്തത്.
കുവൈറ്റില്‍ താമസിക്കുന്ന പുല്ലൂറ്റ് സ്വദേശി കൊങ്ങാട്ട് രതിയുടെ 1,38,00,000 രൂപയും, നൈസി എന്ന വീട്ടമ്മയുടെ പക്കല്‍നിന്നും ഒരു കോടിയും മകളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന 400 പവനും, കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്റെ കൈയില്‍നിന്നും 225 പവനും ഇവര്‍ തട്ടിയെടുത്തതില്‍ വന്‍തുകകളാണ്.
2013 ജൂലൈ മുതല്‍ 2015 മേയ് വരെയുള്ള കാലയളവിലാണ് ഇവര്‍ പണം തട്ടിയെടുത്തത്. 25 പവന്‍ നിക്ഷേപിച്ചതിനു മാസം തോറും ഒരു പവന്‍ സ്വര്‍ണനാണ യം പലിശയിനത്തില്‍ നല്‍കിയിരുന്നു. ആദ്യമൊക്കെ ജോലിചെ യ്തിരുന്ന പണമിടപാടു സ്ഥാപ നത്തിന്റെ ഡെപ്പോസിറ്റ് എടുപ്പിക്കുകയും നിക്ഷേപകരില്‍ വിശ്വാസം നേടുകയും ചെയ്തശേഷം നിക്ഷേപകരുടെ വീട്ടില്‍ പോയി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. മിക്കവര്‍ക്കും ഒരു പാസ്ബുക്കിന്റെ പേജില്‍ എഴുതി കൊടുക്കുകയായിരുന്നു.
2015 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ക്കെതിരെ കൊങ്ങാട് രതി ഇ-മെയില്‍ വഴി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പരാതികള്‍ നല്‍കുകയായിരുന്നു. ഇവരെ അന്വേഷിച്ച് പോലീസ് വിവിധ ഇടങ്ങളില്‍ ചെന്നിരുന്നെങ്കിലും ഇവര്‍ മുങ്ങുകയായിരുന്നു. മൈസൂര്‍, കര്‍ണാടക, കുടക്, തിരുപ്പതി, പഴനി എന്നിവിടങ്ങളിലും പെരുമ്പാവൂരിലും താമസിച്ചുവരുന്നതിനിടെ ഇന്നലെ ഹസീനയുടെ സഹോദരന്‍ ഫിറോസിന്റെ പെരിങ്ങോട്ടുകരയിലെ വീട്ടില്‍ എത്തുമെന്നറിഞ്ഞ് പോലീസ് ഒരുമണിയോടെ എത്തി പിടികൂടുകയായിരുന്നു. ഇന്നു കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നു തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പണവും ആഭരണങ്ങളും ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ചിട്ടുള്ള 1100 പവന്‍ സ്വര്‍ണം പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവരുടെ പേരില്‍ ചെന്ത്രാപ്പിന്നിയിലുള്ള 50 സെന്റ് സ്ഥലവും ആറര സെന്ററില്‍ പണിതുയര്‍ത്തിയിട്ടുള്ള ഇരുനിലമാളികയും പോലീസ് കണ്ടുകെട്ടി. കൂടാതെ ഹാരീസിന്റെ പേരില്‍ കൊടുങ്ങല്ലൂരിലുള്ള ആറ് ബ്യൂട്ടി പാര്‍ലറുകള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം സിഐ സിബി ടോം, എസ്‌ഐ രാജഗോപാല്‍, എഎസ്‌ഐ ജിജോ, സീനിയര്‍ സിപിഒമാരായ കെ.എ.ഹബീബ്, കെ.എ.മുഹമ്മദ് അഷ്‌റഫ്, എം.കെ.ഗോപി, ഷിബു മുരുകേശ്, സിപിഒ സഫീര്‍, വനിത സിപിഒ സാജിത എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
തട്ടിപ്പിനിരകളായത് ഡോക്ടര്‍മാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ
കൊടുങ്ങല്ലൂര്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപ ത്തട്ടിപ്പിന് ഇരയായവരില്‍ ഡോക്ടര്‍മാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ. ആഭരണങ്ങളും പണവുമായി കൊടുങ്ങല്ലൂരിലെ 25ഓളം പേരില്‍നിന്നും ആറേകാല്‍ കോടി രൂപ ഹസീന തട്ടിയെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ഒരു കോടി രൂപയും 400 പവനും ഹസീനയ്ക്കു നിക്ഷേപമായി നല്‍കിയ കൊടുങ്ങല്ലൂര്‍ സ്വദേശി നൈസിക്ക്. ഇവരുടെ മകളുടെ വിവാഹത്തിനു കരുതിവച്ചതാണ് നാനൂറു പവന്റെ സ്വര്‍ണാഭരണങ്ങള്‍.
25 പവന്‍ നിക്ഷേപിക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണകോയിന്‍ സമ്മാനമായി നല്കിയതോടെ നിക്ഷേപകര്‍ക്ക് ആവേശം അതിരുവിട്ടു. ഒരു കോടി 38 ലക്ഷം രൂപയും 200 പവനും നഷ്ടപ്പെട്ട പുല്ലൂറ്റ് സ്വദേശി കോങ്ങാട്ട് രതി നന്ദകുമാര്‍ ഭ്രമിച്ചുപോയത് സമ്മാനമായി ഓരോ സ്വര്‍ണകോയിനും കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇവര്‍ വ്യക്തമായ രേഖകള്‍ പോലും വാങ്ങിയിരുന്നില്ല. പലര്‍ക്കും ഹസീന പാസ്ബുക്കിന്റെ പേജുകളില്‍ പതിച്ചു കൊടുത്ത രേഖകള്‍ മാത്രം. ചിലര്‍ക്ക് ഇതും നല്‍കിയിട്ടില്ല.
മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്‍സിയായ പണമിടപാട് സ്ഥാപനത്തിലെ കാന്‍വാസിംഗ് ഏജന്റായിരുന്ന ഹസീന ആദ്യമൊക്കെ നല്ല രീതിയില്‍ ഇടപാടുകള്‍ നടത്തി നിക്ഷേപകരുടെ പ്രീതി സമ്പാദിച്ചിരുന്നു. പിന്നീട് ഷെയര്‍ മാര്‍ക്കറ്റിനോടുള്ള ഭ്രമമാണ് ഹസീനയെ വഴിതെറ്റിച്ചത്. ഷെയര്‍ മാര്‍ക്കറ്റില്‍ ഇറക്കിയ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെ പിടിച്ചുനില്‍ക്കാനാണ് ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കുന്നതിലും നാലു ശതമാനം പലിശയും സമ്മാനവുമായി സ്വര്‍ണകോയിനും നല്‍കി സമാന്തര ഇടപാട് ആരംഭിച്ചത്. നിക്ഷേപകരുടെ പണം തന്നെയാണ് അധിക പലിശയായും സമ്മാനമായും നല്‍കിയിരുന്നത്. വന്‍തുക നിക്ഷേപിച്ച് കൊങ്ങാട്ടില്‍ രതി 50 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിഞ്ഞത്.
കൊടുങ്ങല്ലൂര്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചതോടെ പരാതിക്കാരുടെ എണ്ണം ഏറിവരികയായിരുന്നു. പരാതി നല്‍കിയ 25ഓളം പേരില്‍ സ്വകാര്യ നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാര്‍ വരെയുണ്ട്. അന്വേഷണം ഊര്‍ജിതമായതോടെ കേരളം വിട്ട ഹസീന മൈസൂര്‍, തിരുപ്പതി, പഴനി, കുടക് എന്നിവിടങ്ങളില്‍ ഒളിസങ്കേതം കണ്ടെത്തുകയായിരുന്നു. ഓരോ സ്ഥലത്തും രണ്ടുദിവസത്തില്‍ കൂടുതല്‍ തങ്ങാറില്ല. കുടകില്‍ മാത്രം 23 റിസോര്‍ട്ടുകളില്‍ മാറിമാറി താമസിച്ചതായി ഹസീന പോലീസിനോടു പറഞ്ഞു. ഇതിനിടെ പെരുമ്പാവൂരിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഹസീന എത്തി. അന്വേഷണ സംഘത്തിന് ഏറെ തലവേദനയുണ്ടാക്കിയ പ്രതി ഒടുവില്‍ പെരിങ്ങോട്ടുകരയിലുള്ള സഹോദരന്റെ വീട്ടില്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യസന്ദേശത്തെതുടര്‍ന്ന് കാത്തിരുന്നു പിടികൂടുകയായിരുന്നു.