ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ തകരാറിലാകു ന്നതുമൂലം യാത്രക്കാര്‍ മണിക്കൂറുകളോളം ബോട്ടില്‍ കുടുങ്ങുന്നു. തകരാറിലായ ബോട്ടിന് പകരം സര്‍വീസ് നടത്താനുള്ള സ്പെയര്‍ ബോട്ടില്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ജലഗതാഗത വകുപ്പിന് കീഴില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലായുള്ള 12 സ്റ്റേഷനുകളില്‍ ഒരിടത്തുപോലും സ്പെയര്‍ ബോട്ട് സംവിധാനമില്ല. എന്ജിന് തകരാറുമൂലം യാത്രാമദ്ധ്യേ ബോട്ട് തകരാറിലായാല്‍ പിന്നാലെയെത്തുന്ന ബോട്ട് കാത്തിരിക്കുകയോ തകരാറിലായ ബോട്ട് കെട്ടിവലിക്കുന്നതിനായി മറ്റൊരു ബോട്ട് എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിലവില്‍ യാത്രക്കാര്‍.
ആലപ്പുഴയില്‍ നിന്നും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് യന്ത്രതകരാറുണ്ടായാല് മണിക്കൂറുകളാണ് യാത്രക്കാര്‍ ബോട്ടില്‍ പെട്ടുപോകുന്നത്. കൃത്യമായി അറ്റകുറ്റപണികള്‍ നടത്താത്തതാണ് ഇത്തരത്തില്‍ എന്ജിന് തകരാറുകളുണ്ടാകുന്നതെന്നാണ് യാത്രക്കാരുടെ ആക്ഷേപം. മഴക്കാലത്ത് ശക്തമായ കാറ്റും മഴയുമുള്ള അവസരത്തില്‍ യാത്രക്കാരുമായി സഞ്ചരിക്കുന്ന സര്‍വീസ് ബോട്ടുകള്‍ക്ക് എന്ജിന് തകരാറുണ്ടായാല്‍ അത് വലിയ അപകടത്തിനിടയാക്കുമെന്ന ആശങ്കയും യാത്രക്കാര്‍ക്കുണ്ട്. യാത്രക്കിടയില്‍ എന്ജിന് തകരാര്‍ മൂലം ബോട്ട് കേടായാല്‍ യാത്ര അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് കുട്ടനാട്ടില്‍ ജല ഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍.