ദിലീപിനെ കാണാന്‍ പോയവരില്‍ ഒരാള്‍ പോലും ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ വിളിച്ച് അന്വേഷിക്കാന്‍ തയാറായിട്ടില്ല! ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവര്‍ക്കെതിരെ കടുത്ത ആരോപണവുമായി സജിത മഠത്തില്‍

നടി അക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലെത്തി പരസ്യ പിന്തുണ പ്രഖ്യാപിച്ചശേഷം ഇടത് എംഎല്‍എ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനകള്‍ ഞെട്ടിക്കുന്നതാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗം സജിത മഠത്തില്‍. സിനിമാ പ്രവര്‍ത്തകര്‍ ജയിലിലെത്തി ദിലീപിനെ കാണുന്നത് സുഹൃത്തെന്ന നിലയിലാണെങ്കില്‍ ആര്‍ക്കും വിരോധമില്ല. ആക്രമത്തിന് ഇരയായ നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും സജിത പറഞ്ഞു.

കേസ് അട്ടിമറിക്കുന്നതിനും ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും സജിത മഠത്തില്‍ ആരോപിച്ചു. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെടാത്ത കേസില്‍ പ്രതിയെ ചെന്ന് കണ്ട ശേഷം സിനിമാക്കാരെല്ലാം അയാളുടെ കൂടെ നില്‍ക്കണം എന്ന് ഒരു എംഎല്‍എ പറയുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്‍ഡസ്ട്രിയുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ല. കേസ് നിര്‍ണായക നിലയിലെത്തി നില്‍ക്കുമ്പോള്‍ ഇടത് എംഎല്‍എയായ ഒരാള്‍ പ്രതിക്ക് അനുകൂലമായ ഇത്തരം നിലപാടെടുക്കുന്നത് ഭീകരമാണ്. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗുകളില്‍ അടക്കം പരസ്യമായി നടിക്കൊപ്പമാണെന്ന് പറഞ്ഞിട്ട്, പ്രതിച്ചേര്‍ക്കപ്പെട്ടയാളെ ചെന്ന് കണ്ട് പിന്തുണ പ്രഖ്യാപിക്കുന്നതിനെയും സജിത മഠത്തില്‍ വിമര്‍ശിച്ചു.

വാക്കാല്‍ മാത്രമാണ് നടിക്കുള്ള ഇവരുടെ പിന്തുണ. അച്ഛന്റെ മരണാനന്തര ചടങ്ങിനെന്ന് പറഞ്ഞുള്ള ദിലീപിന്റെ താത്കാലിക ജാമ്യം വെറും നാടകമാണെന്നും അവര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ദിലീപ് പുറത്തിറങ്ങുന്നതിനോട് ഒരു വിരോധവുമില്ല. പക്ഷെ നടിയെ വിഷമിപ്പിക്കുന്ന നിലയില്‍ എന്തെങ്കിലും നിലപാട് എടുക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു അവകാശവുമില്ല. സുഹൃത്തായ ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന പുരുഷന്മാരുടെ രീതിയായിരിക്കാം ഇത്. ഇത് വലിയ ഒരു പിആര്‍ വര്‍ക്കാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ പ്രതിയുടെ ഔദ്യാര്യം പറ്റിയിട്ടുള്ള അഭിനേതാവോ സുഹൃത്തോ മാത്രമല്ല ഗണേഷ് കുമാര്‍. ഇടത് എംഎല്‍എ കൂടെയാണ്.

ഇത് പോലെയുള്ള പ്രസ്താവനകള്‍ കേസിനെ പലതരത്തിലും സ്വാധീനിക്കും. ഞെട്ടിപ്പിക്കുന്നതാണ് ഗണേഷ്‌കുമാറിന്റെ നിലപാട്. അവളുടെ ഒപ്പം നില്‍ക്കണമെന്നില്ല. പക്ഷെ എതിരായ നിലപാട് സ്വീകരിക്കാതിരിക്കാമായിരുന്നു. ദിലീപിനെ കാണാന്‍ പോയവരില്‍ ഒരാള്‍ പോലും ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ വിളിച്ച് അന്വേഷിക്കാന്‍ തയാറായിട്ടില്ല. ഓണക്കോടി കൊടുക്കാന്‍ ജയിലില്‍ പോയിട്ട് തിരിച്ച് വരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയെയും ചെന്ന് കാണാം. പക്ഷെ സിനിമാ മേഖലയില്‍ വളരെ അടുപ്പമുള്ളവര്‍ ഒഴിച്ച് പിന്തുണ പ്രഖ്യാപിച്ച് ഒരാള്‍ പോലും അവളെ വിളിച്ചിട്ടില്ല. പ്രതി എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നയാള്‍ക്ക് ഒപ്പമാണ് ഇവരൊക്കെ എന്ന് വ്യക്തമാണ്. സജിത മഠത്തില്‍ പറഞ്ഞു.

 

 

 

 

 

 

Related posts