നെടുമങ്ങാട്: പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് നഗരസഭ കൗണ്‍സിലര്‍ കെ.ജെ.ബിനുവിനെയാണു പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കിയത്.
വാറണ്ട് കേസിലെ പ്രതിയായ തന്‍സീറിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്‍സീറിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞു സ്‌റ്റേഷനിലെത്തിയ കെ.ജെ.ബിനു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ അനൂപുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു . തുടര്‍ന്ന് കൂടുതല്‍ പോലീസ് ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
തിങ്കളാഴ്ച നെടുമങ്ങാട് പോലീസിന്റെ നേതൃത്വത്തില്‍ കെ.ജെ.ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനുവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കി. കസ്റ്റഡിയിലെടുത്ത ബിനുവിനെ നെടുമങ്ങാട് സ്‌റ്റേഷനിലെത്തിക്കാതെ കാട്ടാക്കട പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. കാട്ടാക്കടയില്‍ വച്ചു ദേഹാസ്വാസ്ഥ്യമുണ്ടായ ബിനുവിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചു.
ബിനുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്‍പതോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തി ഒരു മണിക്കൂറോളം സംഘര്‍ഷമുണ്ടാക്കി. നെടുമങ്ങാട് സ്‌റ്റേഷനില്‍ ബിനു ഇല്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോടതിക്കു മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂടുതല്‍ പോലീസുകാര്‍ കോടതിക്കു മുന്നിലെത്തി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള പോലീസുകാരനെ ആക്രമിച്ചെന്നുമാണു ബിനുവിനെതിരെയുള്ള കേസ്.