സ്വന്തം ലേഖകന്‍
മറ്റം: ഹിമയും മിനിയും മണിയുമെല്ലാം ഇത്തവണ മുതല്‍ സ്വന്തം വീട്ടില്‍ ഓണമുണ്ണും. അവര്‍ക്കു സുരക്ഷിതരായി താമസിക്കാന്‍ വീടുകളൊരുങ്ങി. ക്രിസ്മസിനോടനു ബന്ധിച്ച് തൃശൂര്‍ അതിരൂപത ഒരുക്കുന്ന കരോള്‍ ഘോഷയാത്രയായ “ബോണ്‍ നതാലെ’യുടെ ഭാഗമായി അതിരൂപത സാമൂഹ്യ പ്രേഷിത കേന്ദ്രമായ “സാന്ത്വന’മാണ് മറ്റം അസീസി നഗറില്‍ അര്‍ഹരായ ഏഴു കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്.
ജാതിമത ഭേദമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏഴു കുടുംബങ്ങള്‍ക്കു മൂന്നു സെന്റ് സ്ഥലം സഹിതമാണു വീടു നിര്‍മിച്ചുനല്‍കുന്നത്. രണ്ടു മുറികള്‍, ഹാള്‍, അടുക്കള, കുളിമുറി, ചെറിയ ഉമ്മറം എന്നിവ സഹിതമുള്ളതാണു കോണ്‍ക്രീറ്റ് നിര്‍മിതിയിലുള്ള വീട്. പൂര്‍ണമായും വൈദ്യുതീകരിക്കുകയും പൈപ്പ് കണക്ഷന് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് തൃശൂര്‍ അസീസി പ്രോവിന്‍സാണ് വീടു പണിയാനുള്ള 125 സെന്റ് സ്ഥലം ദാനമായി നല്‍കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, കല്യാണ്‍ ജ്വല്ലേഴ്സ്, അസീസി പ്രോവിന്ഷ്യല് ഹൗസ്, കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, പ്രഫ. പി.സി. തോമസ് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണു ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഈ ഏഴു വീടുകളടക്കം സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ 7,699 ഭവനങ്ങള്‍ പാവപ്പെട്ടവര്‍ക്കു നിര്‍മിച്ചു നല്‍കിയതായി ഡയറക്ടര്‍ അറിയിച്ചു. ഇതിനു പുറമേ, സാന്ത്വനം 510 കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുകയും നൂറു വിദ്യാര്‍ഥികള്‍ക്കു പഠനസഹായം നല്‍കുന്നുമുണ്ട്. ഈ വര്‍ഷം മുപ്പതു യുവതികള്‍ക്ക് ഒരു ലക്ഷം രൂപ വീതം വിവാഹ ധനസഹായമായി നല്കി.
പുതുതായി നിര്‍മിച്ച ഏഴു വീടുകളുടെ ആശീര്‍വാദവും താക്കോല്‍ദാന കര്‍മവും ഇന്നു നടക്കും. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ആശീര്‍വദിക്കും. മന്ത്രി എ.സി. മൊയ്തീന് ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മുരളി പെരുനെല്ലി, അനില്‍ അക്കര തുടങ്ങിയവര്‍ പങ്കെടുക്കും.