കൂത്തുപറമ്പ്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ ചീറിപ്പായുന്നവര്‍ക്ക് സുരക്ഷാ സന്ദേശമായി മാറുകയാണ് കൂത്തുപറമ്പില്‍ സ്ഥാപിച്ച സിസി ടിവി കാമറയില്‍ പതിഞ്ഞ ഒരു അപകട ദൃശ്യം. കണ്ണൂര്‍ റോഡിലെ കണ്ണാശുപത്രിക്ക് സമീപം മെയിന്‍ റോഡാണ് സംഭവസ്ഥലം. കണ്ണൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോവുകയാണ് ഹെല്‍മെറ്റ് ധരിച്ച യുവാവ്. ഇവിടെ വച്ച് ലോറി ഇടിച്ച് ബൈക്കും യുവാവും റോഡിലേക്ക് തെറിച്ചു വീഴുന്നു. കാണുന്ന ആരുടെയും മനസ് പിടച്ചു പോകുന്ന ദൃശ്യം.
എണീക്കാന്‍ പോലും വയ്യാത്ത നിലയില്‍ ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ കിടന്ന യുവാവിനെ ലോറി ഡ്രൈവറും മറ്റും ചേര്‍ന്ന് പിടിച്ചെഴുന്നേല്പിച്ചു. ഹെല്‍മറ്റ് ധരിച്ചതിനാല്‍ കാര്യമായ പരിക്കൊന്നും കൂടാതെ യുവാവ് രക്ഷപ്പെടുകയും ചെയ്തു.പെട്ടെന്ന് ഹെല്‍മറ്റ് അഴിച്ചെടുക്കാനാവാത്തതിനാല് ഹെല്‍മറ്റോടെ തന്നെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. കോളയാട് സ്വദേശിയായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകട ദൃശ്യം സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.