മറയൂരിലെ ചന്ദനകാറ്റുംകൊണ്ട് ഇനി ചിന്നാറിൽ കൊട്ടവഞ്ചി സവാരി

marayoor-minister

മറയൂര്‍: മറയൂരിലെ ചന്ദനക്കാടും കുളിര്‍മയും മുനിയറയും കണ്ട് ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൊട്ടവഞ്ചി സവാരിയും ആസ്വദിക്കാം. കൊട്ടവഞ്ചി സവാരി എന്നാല്‍ വെറും സവാരി അല്ല രണ്ടു വന്യജീവി സങ്കേതങ്ങള്‍ക്കു നടുവിലൂടെ നൂറുകണക്കിന് മാന്‍കൂട്ടങ്ങളെയും കട്ടാനകളെയും കണ്ടറിഞ്ഞും കാടിനെ തൊട്ടറിഞ്ഞുമുള്ളതാണ് യാത്ര.

ചിന്നാറും പാമ്പാറും കൂടിച്ചേരുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിനൂള്ളിലെ അമരാവതി ആറിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പത്തു കൊട്ടവഞ്ചികളുമായി സവാരി ആരംഭിച്ചിരിക്കുന്നത്. മറയൂരിലെ പ്രധാന ഇക്കോടൂറിസം കേന്ദ്രമായ ചിന്നാര്‍ വന്യജീവി സങ്കേതത്തിനോടു ചേര്‍ത്ത് കേരള – തമിഴ്‌നാടിന്റെയും അതിര്‍ത്തി പ്രദേശത്താണ് തമിഴ്‌നാട് വനംവകുപ്പ് കൊട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്.

തമിഴ്‌നാട് വനംവകൂപ്പ് ഒമ്പതുലക്ഷം രൂപ മുടക്കിയാണ് ഇക്കോ ടൂറിസം പദ്ധതിയൊരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വനത്തിലൂടെ യാത്രചെയ്ത് വഞ്ചിയില്‍ സവാരിയൊരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കായി ആരംഭിച്ച ഈ പദ്ധതി വനത്തിലൂടെ യാത്രചെയ്ത് കൂട്ടാര്‍ പുഴ കടക്കുവാനായി ബുദ്ധിമുട്ടനുഭവിക്കുന്ന തളിഞ്ചി, മഞ്ഞപ്പെട്ടി എന്നീ ആദിവാസി ജനങ്ങള്‍ക്ക് മഴക്കാലത്ത് പുഴ മുറിച്ചികടക്കുവാനും ഏറെ പ്രയോജനപ്പെടും.

ആനമല ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ അമരാവതി റേഞ്ചില്‍പെട്ട കൂട്ടാര്‍ ഭാഗത്താണ് വഞ്ചി സവാരിയൊരുക്കിയിരിക്കുന്നത്. കൂട്ടാറില്‍ വിനോദ സഞ്ചാരികള്‍ക്കായി നടപ്പാക്കിയ വഞ്ചിസവാരിയും ചിന്നാറിലെ വിശ്രമ കേന്ദ്രവും തമിഴ്‌നാട് ഭവന–നഗര വികസന മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. തമിഴ്‌നാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗണേശന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. പെരിയസാമി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Related posts