ടാല്‍കം പൗഡര്‍ കാന്‍സറിന് കാരണമാവുന്നുണ്ടോ? ടാല്‍കം പൗഡറുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ തെളിഞ്ഞതിതൊക്കെ; ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നല്‍കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചറിയാം

589963032സൗന്ദര്യ സംരക്ഷണ ഉപാധികളില്‍ ടാല്‍കം പൗഡര്‍ പ്രധാനമാണ്. മുഖസൗന്ദര്യം കൂട്ടാനും ദേഹത്ത് സുഗന്ധം ലഭിയ്ക്കാനും ആളുകള്‍ ടാല്‍കം പൗഡര്‍ ഉപയോഗിയ്ക്കാറുണ്ട്. ബേബി പൗഡര്‍ ഉപയോഗിച്ചതുമൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി ഒരു അമേരിക്കന്‍ വനിത കേസ് ഫയല്‍ ചെയ്തത് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. കേസില്‍ അവര്‍ക്ക് അനുകൂല വിധി വന്നതും തുടര്‍ന്ന് ഒരു പ്രമുഖ ബ്രാന്‍ഡിന് കനത്ത പിഴ നല്‍കേണ്ടിവന്നതും എല്ലാവരും അറിഞ്ഞകാര്യമാണ്. എന്തായാലും പ്രസ്തുത ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയിട്ടുമുണ്ട്.

ടാല്‍കം പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കുമോ എന്ന സംശയം മാത്രം ബാക്കിയായി. ഇക്കാര്യത്തില്‍ ഗവേഷകര്‍ക്കിടയില്‍ ഇപ്പോഴും ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. മഗ്‌നീഷ്യം, സിലിക്കണ്‍, ഓക്സിജന്‍ എന്നിവ ചേരുന്ന ഒരു ധാതുവാണ് ടാല്‍ക്. ലോകത്തിലെ ഏറ്റവും മാര്‍ദ്ധവമുള്ള ധാതുവെന്നും ഇത് അറിയപ്പെടുന്നു. ടാല്‍കിന്റെ ചില രൂപങ്ങളില്‍, അതിന്റെ സ്വാഭാവിക സ്ഥിതിയില്‍, കാന്‍സറിനു കാരണമാവുന്ന ആസ്ബറ്റോസ് കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും, ആസ്ബറ്റോസ് അടങ്ങുന്ന ടാല്‍ക് ഉപയോഗിക്കുന്നത് വളരെക്കാലം മുമ്പുതന്നെ അവസാനിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. അമേരിക്കന്‍ സൊസൈറ്റി ഓഫ് കാന്‍സര്‍ (എഎസ്സി) ടാല്‍കും കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘ടാല്‍കം പൗഡര്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിക്കുന്നത് അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ജനനേന്ദ്രിയ ഭാഗങ്ങളില്‍, സാനിറ്ററി നാപ്കിന്നുകളില്, ഗര്‍ഭനിരോധന ഉറകള്‍ അല്ലെങ്കില്‍ ഡയഫ്രങ്ങള്‍ എന്നിവയിലുള്ള പൗഡറും കൂടാതെ ജനനേന്ദ്രിയഭാഗത്ത് ഇടുന്ന പൗഡര്‍ യോനിയിലൂടെ ഗര്‍ഭപാത്രത്തിലും ഫലോപ്പിയന്‍ ട്യൂബുകളിലും അണ്ഡാശയത്തിലും എത്തിച്ചേരുന്നത് അണ്ഡാശയ കാന്‍സറിനു കാരണമാകാം’.

അതേസമയം, അണ്ഡാശയ കാന്‍സറും ടാല്‍കം പൗഡര്‍ ഉപയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ മറ്റു പഠനങ്ങള്‍ സമ്മിശ്ര ഫലങ്ങളാണ് നല്‍കിയത്. ടാല്‍കം പൗഡറുകള്‍ കാന്‍സറിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുമ്പോള്‍ ടാല്‍കം പൗഡര്‍ ഉപയോഗം കാന്‍സറിനുള്ള അപകടസാധ്യത നേരിയതോതില്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് മറ്റു ചില പഠനങ്ങള്‍ കണ്ടെത്തിയത്. ടാല്‍ക് ഫാക്ടറികളിലും ഖനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശ്വാസകോശ കാന്‍സറിനുള്ള അപകടസാധ്യതയെ കുറിച്ച് നടത്തിയ പഠനങ്ങളിലും ഏകാഭിപ്രായമുണ്ടായില്ല. ചില പഠനങ്ങള്‍ ഇവര്‍ക്ക് ശ്വാസകോശ കാന്‍സറിനും ശ്വാസകോശസംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ക്കുമുള്ള അപകടസാധ്യത കൂടുതലാണെന്ന് വിശദീകരിച്ചപ്പോള്‍ മറ്റുചില പഠന ഫലങ്ങള്‍ ഈ വാദത്തെ എതിര്‍ക്കുന്നവയായിരുന്നു.

എന്നാല്‍ ലോകാരോഗ്യസംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. ‘ആസ്ബസ്റ്റോസ് അടങ്ങിയ ടാല്‍ക് മനുഷ്യരില്‍ കാന്‍സറിനു കാരണമാവുന്ന പദാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആസ്ബറ്റോസ് രഹിത ടാല്‍ക് മനുഷ്യരില്‍ കാന്‍സറിനു കാരണമാകുന്ന പദാര്‍ത്ഥമായി കണക്കാക്കാനാവില്ല. അതേസമയം, ജനനേന്ദ്രിയ ഭാഗങ്ങളില്‍ ടാല്‍ക് അടങ്ങിയ പൗഡര്‍ ഉപയോഗിക്കുന്നത് മനുഷ്യരില്‍ കാന്‍സറിനു കാരണമായേക്കാം എന്ന് ഐഎആര്‍സിയും വ്യക്തമാക്കുന്നുണ്ട്. ടാല്‍കം പൗഡറുണ്ടാക്കുന്ന ഒരു അവസ്ഥയാണ് ടാല്‍കോസിസ്. ലംഗ്‌സിലെത്തുന്ന ടാല്‍കം പൗഡറിന്റെ കണികകള്‍ മൂക്കടപ്പ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും എന്നതില്‍ സംശയമൊന്നുമില്ല.

Related posts