മുംബൈ: താന്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായാല്‍ ആറു പേരെ സഹായികളായി നിയമിക്കണമെന്ന് ടീം ഇന്ത്യ മുന്‍ ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചതിനൊപ്പമാണ് ശാസ്ത്രി ഇങ്ങനെയൊരാവശ്യം ഉന്നയിച്ചത്. ഭരത് അരുണ്‍ (ബൗളിംഗ്), സഞ്ജയ് ബംഗാര്‍ (ബാറ്റിംഗ്), ആര്‍. ശ്രീധര്‍ (ഫീല്‍ഡിംഗ്), പാട്രിക് ഫര്‍ഹാര്‍ട്ട് (ഫിസിയോ), ശങ്കര്‍ ബസു (ട്രെയിനര്‍), രഘു ( ടീം സഹായി) എന്നിവരെ സഹപരിശീലകരായി നിലനിര്‍ത്തണമെന്നാണ് ശാസ്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ സഹപരിശീലകരാക്കിയാല്‍ ബിസിസിഐ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ തനിക്കു കഴിയുമെന്നും ശാസ്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് മികച്ച ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രിയുടെ കീഴില്‍ ടീം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പ്, ട്വന്റി-20 ലോകകപ്പ് സെമിപ്രവേശം, ടെസ്റ്റ്, ഏകദിനങ്ങളില്‍ ഒന്നാം റാങ്ക്. ട്വന്റി20യില്‍ രണ്ടാം റാങ്ക്, ഓസ്‌ട്രേലിയയ്‌ക്കെതിരേ വൈറ്റ്‌വാഷ് എന്നിവ ഇക്കാലയളവിലുള്ളതാണ്. പരിശീലക സ്ഥാനത്തേക്ക് വിദേശികളാരും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ജൂണ്‍ 10ന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.