ഇടതു സര്‍ക്കാരിന് ഇന്നു നൂറാം ദിനം! ജനങ്ങള്‍ തുണച്ചെന്നു പിണറായി; ഭരണം വിലയിരുത്താന്‍ സമയമായില്ലെന്ന് വിഎസ്; നന്നാകുന്ന ലക്ഷണമില്ലെന്ന് ചെന്നിത്തല

Pinarayiതിരുവനന്തപുരം:  ഇടതു സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ ആകാശവാണിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.   സര്‍ക്കാരിന്റെ   ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തന ത്തെപ്പറ്റിയും  അദ്ദേഹം വിവരിച്ചു.  കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും പിണറായി പറഞ്ഞു.  സുസ്ഥിര വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യസംസ്കരണം, സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തനം തുടരുന്നു. ലക്ഷ്യമിടുന്നത് നാടിന്റെ സമഗ്രപുരോഗമനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ മാതാപിതാക്കളും അധ്യാപകരും അണിചേരണം.

റേഡിയോ പ്രഭാഷണം കൂടാതെ മുഖ്യമന്ത്രി ലേഖനത്തിലൂടെയും സന്ദേശം നല്‍കി. ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ് കരിക്കുമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തില്‍  മുഖ്യമന്ത്രി  വ്യക്തമാക്കി.   നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങള്‍ക്കു ഭവനനിര്‍മാണവും 10,000 പട്ടികജാതിക്കാര്‍ക്കു വിവാഹ ധനസഹായവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും   ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസമായിക്കൂടാ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജിച്ചതിനു ശേഷം വികസനം എന്നു കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കൂടുതല്‍ അധികാരത്തോടെ രൂപീകരിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചതും. അഞ്ചു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ വരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയതും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതും എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. മുന്‍ പറഞ്ഞ ആ ദ്വിമുഖ ഉത്തരവാദിത്വമാണ് ഇതിലൊക്കെ പ്രതിഫലിച്ചു നില്‍ക്കുന്നതെന്ന് അറിയിക്കാന്‍ സന്തോഷമുണ്ട്.

ആധുനികശാസ്ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ആര്‍ജവത്തോടെ ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ പുതു തലമുറക്ക് ആത്മവിശ്വാസമേകാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്, യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ആയിരത്തഞ്ഞൂറോളം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന പദ്ധതി. വന്‍കിട ഐടി കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 150 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തേണ്ടതുണ്ട്. പൊതുവിതരണശൃംഖലയെ ശക്തിപ്പെടുത്തുവാന്‍ 75 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിലവര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്‌റ്റോറുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വില കൂട്ടില്ലായെന്ന് ആദ്യ മന്ത്രിസഭായോഗത്തില്‍  തന്നെ തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ നേരത്തേ പ്രഖ്യാപിച്ച പോലെ ചിങ്ങം ഒന്നിന് തന്നെ തുറന്ന്, 18000ത്തോളം കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഏറെ കൃതാര്‍ഥരാണ്.

സ്ത്രീസുരക്ഷ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യാന്‍ സാധിച്ചിട്ടുള്ള സര്‍ക്കാരാണിത് എന്നത് അറിയാമല്ലോ.

സമൂഹത്തിലെ കാന്‍സറായ അഴിമതിയുടെ ആഴം കഴിഞ്ഞ കാലയളവില്‍ മനസിലാക്കിയവരാണ് നമ്മള്‍. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതില്‍ കടുകിട വിട്ടുവീഴ്ച സര്‍ക്കാര്‍ ചെയ്യില്ലെന്ന് ഉറപ്പുതരുന്നു. പോലീസിനും വിജിലന്‍സിനും ഭരണഘടനാനുസൃതമായ സര്‍വസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിച്ചുകൊടുത്തിട്ടുള്ളത് മനസിലാക്കുമല്ലോ. അവര്‍ സ്വതന്ത്രമായും സത്യസന്ധമായും ജോലി ചെയ്യുന്നുവെന്നതും എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്.

കാര്‍ഷികപ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് ആശ്വാസമേകിക്കൊണ്ട് അവരുടെ കടബാധ്യതകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു. കര്‍ഷകരെ സഹായിക്കുവാനായി 385 കോടി രൂപ ചെലവില്‍ നെല്ല് സംഭരിക്കും. നെല്ല് സംഭരണക്കുടിശിക 170 കോടി രൂപ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍വേണ്ടി 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാര്‍ഷികോല്‍പന്നങ്ങള്‍ക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്.

വിലയിരുത്താന്‍  സമയമായില്ല: വിഎസ്
vs
ആലുവ: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ ഭരണത്തെക്കുറിച്ച് വിലയിരുത്താന്‍ സമയമായിട്ടില്ലെന്നു വി.എസ്. അച്യുതാനന്ദന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലായിരുന്നു വി.എസിന്റെ മറുപടി. പാലക്കാട്ടേക്കുള്ള യാത്രാമധ്യേ ആലുവ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവര്‍ത്തകര്‍ വി.എസിനെ കണ്ടത്. കാബിനറ്റ് റാങ്കുള്ള പ്രത്യേക പദവി നല്‍കി അനുനയിപ്പിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാമായിരുന്ന വി.എസിന് പാര്‍ട്ടി നേതൃത്വത്തോടുള്ള അമര്‍ഷം അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയായിട്ടാണ് പ്രതികരണത്തെ കാണുന്നത്.

മന്ത്രിസഭാ തീരുമാനങ്ങളില്‍ വരെ പരസ്യമായി അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.  ഇടതുസര്‍ക്കാര്‍ ദിശാബോധം നഷ്ടപ്പെട്ട സ്ഥിതിയിലാണ് നൂറുദിനം പിന്നിടുമ്പോഴെന്നായിരുന്നു ഇന്നലെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രതികരണം. നൂറു ദിവസം തികയുന്നതിന് മുന്‍പ് തന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നേട്ടമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.എല്ലാ ശരിയാകുമെന്ന് പറഞ്ഞവര്‍ സംസ്ഥാനത്ത് ഒന്നും ചെയ്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഭരണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് ഭരണത്തെ വിലയിരു ത്താറായി ട്ടില്ലെന്ന പ്രതികരണവുമ ായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വി.എസ് രംഗത്തെത്തി യിരിക്കുന്നത്.

നന്നാകുന്ന ലക്ഷണമില്ല: ചെന്നിത്തല
Ramesh
നൂറു ദിവസം തികയുന്നതിന് മുന്‍പ് തന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നേട്ടമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊ ത്ത് ഉയര്‍ന്ന സര്‍ക്കാര്‍ എന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ നിരാകരിക്കുന്ന വിമര്‍ശനങ്ങള്‍ ഇങ്ങനെ: എന്താണ് നൂറു ദിവസം കൊണ്ട് ഈ സര്‍ക്കാരിന്റെ നേട്ടം? എടുത്ത് കാണിച്ച് ഊറ്റം കൊള്ളാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. പകരം മുല്ലപ്പെരിയാര്‍ മുതല്‍ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം.

കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ മേല്‍ ഏതു നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്ക്കാണു കേരളീയര്‍  മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നത്. എന്നാല്‍, ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമതു പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്‌നാട് അതിനകം അതിന്മേല്‍ മുതലെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടു.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്‌ട്രേഷന്റെ ഫീസ് കുത്തനെ ഉയര്‍ത്തിയതോടെ ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു. കനത്ത പ്രതിഷേധമുയര്‍ന്നിട്ടും തെറ്റു തിരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല എന്നതാണു ശ്രദ്ധേയം.

ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം അലങ്കോലമായതു സര്‍ക്കാരിന്റെ പിടിപ്പ് കേടിന്റെയും ധാരണക്കുറവിന്റെയും ഫലമായിട്ടാണ്. ഡെന്റല്‍ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണു സര്‍ക്കാരിനത് ബോധ്യപ്പെട്ടത്. തുടര്‍ന്ന് അതു തിരുത്തിയെങ്കിലും മെഡിക്കല്‍ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അത് കോടതി റദ്ദാക്കി.

ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകള്‍ കേരളത്തെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങള്‍ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ അറുതി വരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങിയെത്തി എന്നതാണു ഇടതു സര്‍ക്കാര്‍ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. നാദാപുരത്തു കോടതി വെറുതെ വിട്ട ലീഗ് പ്രവത്തകനെയാണു സിപിഎമ്മുകാര്‍ പാര്‍ട്ടി കോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തന്‍ കളി മൂത്ത് മൂത്ത് സിപിഎമ്മുകാരന്‍ സിപിഎമ്മുകാരനെ തന്നെ അടിച്ചുകൊല്ലുന്ന കാഴ്ച പൂഞ്ഞാറില്‍ കണ്ടു. ആലപ്പുഴയില്‍ കാര്‍ത്തികപ്പള്ളിയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ടാണ് സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത്. പറവൂര്‍ മൂത്തകുന്നത്ത് മുന്‍ സിപിഎമ്മുകാരനായ ബി.ഡിജെഎസ് നേതാവ് സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ചു.

നൂറു ദിവസം പിന്നിട്ടിട്ടും ഭരണം നന്നാകുന്ന ലക്ഷണമൊന്നൊന്നും കാണിക്കുന്നില്ല. സെക്രട്ടറിയറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ല. എകെജി സെന്ററിന്റെ അംഗീകാരമുണ്ടെങ്കില്‍  മാത്രമേ ഫയലുകള്‍ക്കു ചലനം ഉണ്ടാകുകയുള്ളു. മുഖ്യമന്ത്രിയാകട്ടെ ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന രീതിയിലാണ് അവരെ ഭര്‍ത്സിക്കുന്നത്. മുഖ്യമന്ത്രിയില്‍ അധികാരമെല്ലാം കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയാണു കാണുന്നത്. മന്ത്രിമാര്‍ ഏറാന്‍മൂറികളായി മാറുന്നു. മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക് പോകാന്‍തന്നെ മന്ത്രിമാര്‍ക്കു ഭയമാണ്. സുതാര്യതയെകുറിച്ച് വാ തോരാതെ പ്രസംഗിച്ചവര്‍ ഇപ്പോള്‍ എല്ലാം അടച്ചുമൂടി വയ്ക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രീതി അവസാനിപ്പിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയോ കാര്യങ്ങള്‍ വിശദീകരിക്കുകയോ ചെയ്യുന്നില്ല. വിവരാവകാശ നിയമപ്രകാരംപോലും മന്ത്രിസഭാ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കില്ല എന്ന വാശിയിലാണ് സര്‍ക്കാര്‍.

നഷ്ടമെന്ന് പറഞ്ഞ് നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭനഷ്ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. ഉപദേശി വിവാദമാണു സര്‍ക്കാരിന്റെ മറ്റൊരു സംഭാവന.  സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകനെയാണു മുഖ്യമന്ത്രി നിയമോപദേശകനാക്കിയത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസിലിരിപ്പ് അതുവഴി പുറത്തുവന്നു.

നാഴികയ്ക്കു നാല്പതുവട്ടം മുതലാളിത്തത്തെ തള്ളിപ്പറയുന്ന വിപ്ലവകാരികള്‍ മുതലാളിത്തതിന്റെ ഏജന്റായ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്ടാവാക്കിയത് മറ്റൊരു തമാശ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റു സ്ഥാനാത്തുനിന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് താരം അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്ട്രീയ പരിഗണനവച്ച് മാത്രം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് തുടങ്ങി ഒട്ടേറെയുണ്ട് വെറെയും “നേട്ടങ്ങള്‍’. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച മെഡിക്കല്‍ കോളജുകള്‍ രാഷ്ട്രീയതാത്പര്യം കൊണ്ടു മാത്രം അട്ടിമറിച്ചത് മാപ്പ് അര്‍ഹിക്കാത്ത ദ്രോഹമാണ്. വില കുത്തനെ കയറിയിട്ടും അത് നിയന്ത്രിക്കാന്‍ നടപടി ഇല്ല.

വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാര ചെയര്‍മാനാക്കി മൂലയ്ക്ക് ഒതുക്കി ഇരുത്തി എന്നതാണ് ഈ സര്‍ക്കാരിന്റ ഏറ്റവും വലിയ നേട്ടം. പക്ഷെ അതിനു സംസ്ഥാനം നല്‍കേ വില വളരെ വലുതാണ്. വി.എസിന് കാബിനറ്റ് പദവി നല്‍കിയെന്നുമാത്രമല്ല, ചീഫ് സെക്രട്ടറി റാങ്കില്‍ റിട്ടയര്‍ ചെയ്ത രണ്ട്  ഐഎഎസ് കാരെ അംഗങ്ങളാക്കുകയും ചെയ്തു. വന്‍തുകയാണ് ഖജനാവില്‍ നിന്ന്  ഈ വഴിക്കു മാസാമാസം ഒഴുകിപ്പോവുക. പാര്‍ട്ടിയിലെ ഒരു ശല്യക്കാരനെ ഒതുക്കാനാണു സര്‍ക്കാര്‍ ചെലവില്‍ ഈ ധൂര്‍ത്ത്.

Related posts