തുറവൂർ: ആരും നിയന്ത്രിക്കാനില്ലാതെ കത്തിക്കയറി ഇറച്ചിക്കോഴി വില. ഒരു കിലോയ്ക്ക് 25 രൂപ മുതൽ 75 രൂപ വരെയുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരോ മറ്റ് ഏജൻസികളോ വില നിയന്ത്രിക്കാത്തതാണ് കോഴിവ്യാപാരികളുടെ ഇത്തരത്തിലുള്ള പിടിച്ചുപറിക്ക് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ഒരു കിലോ കോഴി 80 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യാപാരികൾ മന്ത്രിയുടെ പ്രഖ്യാപനം തള്ളിക്കൊണ്ട് തങ്ങൾക്ക് തോന്നുന്ന വിലയിൽ കോഴിയെ വിൽക്കുമെന്നുള്ള നിലപാടാണ് എടുത്തത്.
ഇപ്പോഴും കോഴിവില നിയന്ത്രിക്കാനാകാതെ റോക്കറ്റുപോലെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ഓണത്തിനു മുമ്പും ഓണത്തിന് ശേഷവും 130 രൂപയ്ക്ക് മുകളിലാണ് ലൈവ് കോഴിവില. വിവാഹവും മറ്റു ചടങ്ങുകളും നടത്തുന്നവർക്കു ഉയർന്ന വില ബുദ്ധിമുട്ടായി. വ്യാപാരസ്ഥാപനങ്ങളും വൻതുക നൽകി ഇറച്ചി വാങ്ങേണ്ട അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഒട്ടു മിക്ക ഹോട്ടലുകളിലും കോഴി ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് അമിത വിലയാണ് ഈടാക്കുന്നത്. തമിഴ്നാട് ലോബിയും കേരളത്തിലെ ചിലരും ചേർന്നാണ് നിലവിൽ കോഴിവില നിയന്ത്രിക്കുന്നത്. പല വിൽപ്പന സ്ഥാപനങ്ങളും കോഴിക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.
ആലപ്പുഴ ജില്ലയിലെതന്നെ ഒട്ടുമിക്ക വിൽപ്പന കേന്ദ്രങ്ങളും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ചുരുക്കം ചില കടകൾക്ക് മാത്രമേ കോഴി മാലിന്യങ്ങൾ സംസ്കരിക്കുവാൻ സൗകര്യമുള്ളു. മറ്റു സ്ഥാപനങ്ങൾ മാലിന്യങ്ങൾ ചാക്കിൽക്കെട്ടി പൊതുതോടുകളിലോ റോഡിന്റെ വശങ്ങളിലോ, കുറ്റിക്കാടുള്ള സ്ഥലങ്ങളിലോ കടൽത്തീരത്തോ തള്ളുകയാണ്. ഇത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഒരു പ്രദേശത്തുതന്നെ ഇറച്ചിക്കോഴിക്ക് പലവിലയാണ് ഈടാക്കുന്നത് . സർക്കാരും മറ്റ് ഏജൻസികളും ഇത്തരത്തിലുള്ള പിടിച്ചുപറി കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി സംസ്ഥാനത്തെ കോഴിവില നിയന്ത്രിക്കാനുള്ള കർശനനടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.