ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ വിജയഗാഥ ടീം ഇന്ത്യ ഏകദിനത്തിലും തുടരുകയാണ്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ബാറ്റിംഗില്‍ ഒരിക്കല്‍ക്കൂടി വിരാട് കോഹ്്ലി തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ ഹര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മാറ്ററിയിച്ചു. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 191 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 33.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: ന്യൂസിലന്‍ഡ് 43.5 ഓവറില്‍ 190. ഇന്ത്യ 33.1 ഓവറില്‍ നാലിന് 194.
പുറത്താകാതെ 85 റണ്‍സ് നേടിയ വിരാട് കോഹ്്ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. അജിങ്ക്യ രഹാനെ (33) മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തേ ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ടോം ലാഥത്തിന്റെയും (79*) ടിം സൗത്തിയുടെയും (55) അര്‍ധ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് നാണക്കേട് ഒഴിവാക്കിയത്. ന്യൂസിലന്‍ഡ് നിരയില്‍ മൂന്നു പേര് സംപൂജ്യരായപ്പോള്‍ മൂന്നു പേര്‍ക്ക് ഒറ്റയക്കം കടക്കാനായില്ല. എട്ടിന് 106 എന്ന നിലയില്‍ തകര്‍ന്ന കിവികളെ ലാഥവും സൗത്തിയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലാഥം 98 പന്ത് നേരിട്ടപ്പോള്‍ 45 പന്തില്‍നിന്ന് മൂന്നു സിക്സും ആറു ബൗണ്ടറികളുമായി സൗത്തിയാണ് അതിവേഗം സ്കോര്‍ ഉയര്‍ത്തിയത്. ലാഥവും സൗത്തിയും ക്രീസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പരീക്ഷിക്കപ്പെട്ടത്. സൗത്തി പുറത്തായതോടെ കിവികളുടെ ഇന്നിംഗ്സും പെട്ടെന്നു പൂട്ടിക്കെട്ടി.
പാണ്ഡ്യ തകര്‍ത്തു
ഹര്‍ദിക് പാണ്ഡ്യയുടെ മിന്നും ബൗളിംഗാണ് ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയത്. നായകന്റെ തീരുമാനത്തെ ശരിവയ്ക്കും വണ്ണം പന്തെറിഞ്ഞ അദ്ദേഹം വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. മൂന്നു ഫോറുമായി കത്തിക്കയറിയ ഗപ്ടിലായിരുന്നു പാണ്ഡ്യയുടെ ആദ്യ ഇര. മൂന്നാമനായെത്തിയ വില്യംസണെയും (3) പിന്നാലെയെത്തിയ റോസ് ടെയ്ലറെയും (0) ഉമേഷ് യാദവ് മടക്കി. പാണ്ഡ്യയുടെ പന്തുകള്‍ വീണ്ടും കിവിനിരയില്‍ ദുരന്തം വിതച്ചപ്പോള്‍ ഇരകളായത് കോറി ആന്‍ഡേഴ്സണും (4) റോഞ്ചിയും (0). വാലറ്റത്തെ പറിക്കാനുള്ള ഊഴം കേദാര്‍ യാദവിനും അമിത് മിശ്രയ്ക്കുമായിരുന്നു. ജയിംസ് നീഷം (10), മിച്ചല്‍ സാന്റ്നര്‍ (0) എന്നിവരെ കേദാര്‍ യാദവ് മറിച്ചു. പിന്നീടെത്തിയ ബ്രേസ് വെല്ലിനെ (15) അമിത് മിശ്രയും മറിച്ചു. ഒരറ്റത്തു വിക്കറ്റ് കാത്ത ലാഥത്തിനു കൂട്ടായി സൗത്തി എത്തിയതോടെ കളി മാറി. പതുക്കെ കളം പിടിച്ച സൗത്തി ടോപ് ഗിയറിലേക്ക് മാറിയതോടെ പന്ത് തുടരെ അതിര്ത്തിക്കയറിനെ ചുംബിച്ചു കടന്നുപോയി. ചില പന്തുകള്‍ നിലംതൊടാതെ ഗാലറിയിലേക്കും.
ഇതിനിടെ, പത്താം നമ്പറിലിറങ്ങി അര്‍ധസെഞ്ചുറി നേടുന്ന ആദ്യ കിവീസ് താരമെന്ന നേട്ടം ടിം സൗത്തിക്കു സ്വന്തമായി. 40 പന്തില്‍നിന്നാണ് സൗത്തി 50 പിന്നിട്ടത്.
ഒരുഘട്ടത്തില്‍ ഏഴിന് 65 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട കിവീസിനെ ഒമ്പതാം വിക്കറ്റില്‍ സൗത്തിയും ടോം ലാഥവും ചേര്‍ന്നു കൂട്ടിച്ചേര്‍ത്ത 71 റണ്‍സാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 45 പന്തില്‍നിന്ന് ആറു ഫോറും മൂന്നു സിക്സറുകളും ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് സൗത്തി പുറത്തായത്.
അമിത് മിശ്ര സൗത്തിയെ പാണ്ഡ്യയുടെ കൈയില്‍ എത്തിക്കുംവരെ ഇന്ത്യ വെള്ളം കുടിച്ചു. സൗത്തി വീണതിനു പിന്നാലെ ലാഥം ആഞ്ഞടിച്ചെങ്കിലും അവസാനക്കാരന്‍ ഇഷ് സോധിക്കു പിടിച്ചു നില്ക്കാനായില്ല. ഇന്ത്യക്കു വേണ്ടി ഹര്‍ദിക് പാണ്ഡ്യയും അമിത് മിശ്രയും മൂന്നു വിക്കറ്റ് വീതവും ഉമേഷ് യാദവ്, കേദാര്‍ യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട രോഹിത് ശര്‍മ (14) എല്‍ബിഡബ്ല്യുവില്‍ പുറത്തായി. ബ്രേസ്വെലാണ് രോഹിതിനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്്ലിക്കൊപ്പം ചേര്‍ന്ന രഹാനെ മികച്ച പ്രകടനം പുറത്തെടുത്തു. നീഷമിന്റെ പന്തില്‍ രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യ 12.1 ഓവറില്‍ രണ്ടിന് 62 എന്ന നിലയിലായി. ഒരറ്റത്ത് കോഹ്്ലി മിന്നും പ്രകടനം തുടര്‍ന്നു.
ധോണി (21), മനീഷ് പാണ്ഡെ (17) എന്നിവര്‍ക്കൊപ്പം കോഹ്്ലി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. ഇതിനിടെ കോഹ്്ലി അര്‍ധ സെഞ്ചുറിയും കടന്നു കുതിച്ചു. ഇന്നിംഗ്സ് പിന്തുടരുമ്പോള് കോഹ്്ലി നേടുന്ന 32–ാം അര്‍ധസെഞ്ചുറിയായിരുന്നു ഇത്. 81 പന്തില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്സുമടക്കം 85 റണ്‍സ് നേടിയ കോഹ്ലിക്കൊപ്പം കേദാര്‍ യാദവ് (10) പുറത്താകാതെനിന്നു. ഹര്‍ദിക് പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്.
സ്കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ് ബാറ്റിംഗ്
മാര്ട്ടിന് ഗപ്ടില്‍ സി രോഹിത് ശര്‍മ ബി പാണ്ഡ്യ 12, ടോം ലാഥം നോട്ടൗട്ട് 79, വില്യംസണ് സി മിശ്ര ബി യാദവ് 3, റോസ് ടെയ്ലര് സി ധോണി ബി യാദവ് 0, ആന്ഡേഴ്സണ് സി യാദവ് ബി പാണ്ഡ്യ 4, ലൂക്ക് റോഞ്ചി സി യാദവ് ബി പാണ്ഡ്യ 0, നീഷം സി ആന്‍ഡ് ബി യാദവ് 10, സാന്റ്നര്‍ സി ധോണി ബി യാദവ് 0, ബ്രേസ് വെല്‍ സി രഹാനെ ബി മിശ്ര 15, ടിം സൗത്തി സി പാണ്ഡ്യ ബി മിശ്ര 55, സോധി എല്‍ബിഡബ്ല്യു ബി മിശ്ര 1, എക്സ്ട്രാസ് 11.
ആകെ 43.5 ഓവറില്‍ 190നു പുറത്ത്
ബൗളിംഗ്
ഉമേഷ് യാദവ് 8–0–31–2, ഹര്‍ദിക് പാണ്ഡ്യ 7–0–31–3, ബുംറ 8–1–29–0, കേദാര്‍ യാദവ് 3–0–6–2, അമിത് മിശ്ര 8.5–0–49–3
ഇന്ത്യ ബാറ്റിംഗ്
രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി ബ്രേസ് വെല്‍ 14, അജിങ്ക്യ രഹാനെ സി റോഞ്ചി ബി നീഷം 33, വിരാട് കോഹ്്ലി നോട്ടൗട്ട് 85, മനീഷ് പാണ്ഡെ സി വില്യംസണ് ബി സോധി 17, ധോണി റണ്ണൗട്ട് 21, കേദാര്‍ യാദവ് നോട്ടൗട്ട് 10, എക്സ്ട്രാസ് 14
ആകെ 33.1 ഓവറില്‍ നാലിന് 194
ബൗളിംഗ്
ടിം സൗത്തി 9–0–57–0, ബ്രേസ്വെല് 8–2–44–1, നീഷം 6–0–40–1, സോധി 4.1–34–1, സാന്റ്നര്‍ 6–0–18–0.