വാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി ! അണിയറക്കാരുമായുള്ള അഭിപ്രായ ഭിന്നതയെന്ന് സൂചന…

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന്‍ പൃഥിരാജും പിന്മാറി.

നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്.

കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു.

ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു…ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്.

സിനിമയിലൂടെ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കണം. ആദാമിന്റെ മകന്‍ അബു, ബോംബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങള്‍ ഒരു നല്ല തുടക്കമാണ്. സിനിമ ഹറാമാണെന്ന് പറയാതെ ഇത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള വേറെയും പോസ്റ്റുകള്‍ ചിലര്‍ കുത്തിപ്പൊക്കിയതോടെയാണ് റമീസ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

1921ലെ മലബാര്‍ കലാപത്തില്‍ നേതൃനിരയിലുണ്ടായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥയായിരുന്നു ചിത്രം പറയുന്നത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് വിവാദമായിരുന്നു..

ഹിന്ദുവിരുദ്ധ കലാപമെന്ന് പരക്കെ പറയുന്ന മാപ്പിള ലഹളയെ വെള്ളപൂശാനുള്ള ശ്രമമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. അംബേദ്കറിന്റെയും ആനി ബസന്റിന്റെയും കുമാരനാശാന്റെയും ഗാന്ധിജിയുടെയുമടക്കം വാക്കുകള്‍ ഇതൊരു ഹിന്ദുവിരുദ്ധ കലാപമാണെന്ന് അടിവരയിടുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി.

മലബാര്‍ കലാപം നടക്കുന്ന സമയത്ത് കെപിസിസി സെക്രട്ടറിയും പിന്നീട് കെപിസിസിയുടെ ആദ്യ പ്രസിഡന്റുമായ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പ്രശസ്തമായ പുസ്തകം കലാപത്തിന്റെ നേര്‍ക്കാഴ്ചയായി വ്യാഖ്യാനിക്കപ്പെടുന്നു.

ആഷിഖ് അബു ചിത്രം ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ മലബാര്‍ കലാപം അടിസ്ഥാനമാക്കി മൂന്നു സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയുണ്ടായി.

നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഒരുക്കുന്ന ‘ദ് ഗ്രേറ്റ് വാരിയംകുന്നന്‍’, പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’ എന്നീ ചിത്രങ്ങള്‍ വാരിയംകുന്നനെ മഹത്വവല്‍ക്കരിക്കുമ്പോള്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തില്‍ വാരിയന്‍ കുന്നനെ പ്രതിനായക സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്.

മറ്റു രണ്ടു ചിത്രങ്ങളുടെയും ഷൂട്ടിംഗ് തുടങ്ങിയില്ലെങ്കിലും അലി അക്ബറിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Related posts

Leave a Comment