ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്തെ കയ്യേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ജോലികള്‍ നാളെ ആരംഭിക്കും. കയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കുവാനുള്ള റവന്യൂ മന്ത്രിയുടെയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവുകളെ തുടര്‍ന്നാണ് സര്‍വ്വേ നടത്തി പുറമ്പോക്കിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉത്തരവായത്.
ഏറ്റുമാനൂര്‍ നഗരസഭയിലെ പതിനെട്ടാം വാര്‍ഡിലാണ് വിവാദമായ ഭൂമി കയ്യേറ്റം. പേരൂര്‍ പൂവത്തുംമൂട് കടവ് മുതല്‍ കിണറ്റുംമൂട് തൂക്കുപാലം വരെയുള്ള ഭാഗത്തെ ആറ്റുപുറംപോക്ക് പതിനഞ്ചോളം വരുന്ന സമീപവാസികള്‍ കയ്യേറിയതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് വന്നിരുന്നു. 1.4 കിലോമീറ്റര്‍ ദൂരത്തില്‍ 35 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയാണ് ആറ്റുവഞ്ചിയും ഇല്ലിക്കാടുകളും മറ്റു വൃക്ഷങ്ങളും നശിപ്പിച്ച് സ്വകാര്യവ്യക്തികള്‍ കയ്യടക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ കയ്യേറ്റം അളന്നു തിട്ടപ്പെടുത്തുന്നതിന് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭയ്ക്കും കയ്യേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ കയ്യേറ്റക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ അളവ് മാറ്റിവെച്ചു. ജൂണ്‍ അവസാനം വീണ്ടും അളക്കുന്നതിനായി റവന്യൂ അധികൃതരുടെ സംഘം എത്തിയെങ്കിലും നഗരസഭ സഹകരിച്ചില്ല എന്ന് പറഞ്ഞ് മടങ്ങി. ഒരു കൗണ്‍സിലറുടെ ബന്ധു കയ്യേറ്റക്കാരില്‍ ഒരാള്‍ ആയതിനാല്‍ നഗരസഭയും റവന്യൂ അധികൃതരും ഒത്തു കളിക്കുകയായിരുന്നു എന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് മോന്‍സി.പി.തോമസ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈ ആദ്യം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ആറ്റുപുറമ്പോക്ക് കയ്യേറ്റം തിട്ടപ്പെടുത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് അഡീഷണല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായി ജില്ലാകളക്ടര്‍ ജൂലൈ അഞ്ചിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്മാക്കിയിരുന്നു. പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കുന്ന ജോലികളാണ് നാളെ ആരംഭിക്കുക. ഈ സന്ദര്‍ഭത്തില്‍ നഗരസഭാ സെക്രട്ടറിയോ പ്രതിനിധിയോ സ്ഥലത്തുണ്ടായിരിക്കണമെന്നും പട്ടയഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡീഷണല്‍ തഹസില്‍ദാര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി.