കോട്ടയം: നാളെ അത്തം. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷത്തിന് തുടക്കമാവും. നാടും നഗരവും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. നാട്ടിന് പ്രദേശങ്ങളിലെ വിവിധ ക്ലബുകള്‍ മത്സരങ്ങളുമായി രംഗത്തെത്തി. അത്തപ്പൂക്കള മത്സരം, വടംവലി, മലയാളി മങ്ക തുടങ്ങി വിവധയിനം മത്സരങ്ങളുമായാണ് ക്ലബുകള്‍ രംഗത്തെത്തിയത്.
ഓണത്തിനു മുന്നോടിയായി കഴിഞ്ഞ മാസം അവസാനം തന്നെ കോട്ടയം നഗരത്തില്‍ തമിഴ്നാട്ടിലെ തോവാളയില്‍ നിന്നും പൂക്കള്‍ എത്തി തുടങ്ങി. തിരുനക്കര ക്ഷേത്രത്തിന് സമീപത്തും തിരുനക്കര പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപത്തും ഇതരസംസ്ഥാനത്തു നിന്നുള്ള പൂക്കച്ചവടക്കാര്‍ സ്ഥാനം പിടിച്ചു. ജില്ലയിലെ മിക്ക പൂക്കടകളിലും തമിഴ്നാട്ടില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പൂക്കള്‍ എത്തിതുടങ്ങി. വസ്ത്ര വിപണിയും സജീവമായി. കണ്ണ ഞ്ചിപ്പിക്കുന്ന പരസ്യങ്ങളും മോഹിപ്പിക്കുന്ന ഓഫറുകളുമായാണ് തുണി ക്കടകള്‍ ഓണ വിപണി കീഴടക്കിയത്.
കഴിഞ്ഞ മാസം തന്നെ ജില്ലയിലെ പ്രമുഖ ഹോട്ടലുകളില്‍ പായസമേള ആരംഭിച്ചു. അടപ്രഥമന്‍, ഗോതമ്പുപായസം തുടങ്ങിയ പായസങ്ങളൊക്കെ ഒരു ലിറ്റര്‍, അര ലിറ്റര്‍ അളവുകളിലാണ് വിപണിയിലുള്ളത്. പൊതുവേ പച്ചക്കറിവിപണിയില്‍ വിലക്കുറവാണെങ്കിലും ഓണത്തിന്റെ ആഴ്ചയില്‍ വില കൂടാനുള്ള സാധ്യത കച്ചവടക്കാര്‍ തള്ളിക്കളയുന്നില്ല.
ഇലട്രോണിക്സ് ഗൃഹോപകരണമേളകളും വിവിധ കടകളില്‍ നടക്കുന്നുണ്ട്. ജനങ്ങളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കമ്പനികള്‍ നല്‍കുന്നത്. വാഹനനിര്‍മാണ കമ്പനികളും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ ആകര്‍ഷിക്കാനായി ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വാഹന എക്സ്പ്പോയും നിര്‍മാതാക്കള്‍ സംഘടിപ്പിച്ചു തുടങ്ങി. നാട്ടിന്‍പുറങ്ങളില്‍ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ കാര്‍ഷിക-വിപണന മേളകളും സംഘടിപ്പിച്ചു തുടങ്ങി. കുടുംബശ്രീയുടെ ഉത്പന്നങ്ങളും കാര്‍ഷിക ഉത്പന്നങ്ങളും മേളകളില്‍ വിറ്റഴിച്ചു ലാഭം കൊയ്യാനാണ് കുടുംബശ്രീയുടെ ലക്ഷ്യം.
അത്തച്ചമയ ഘോഷയാത്ര നാളെ കോട്ടയത്ത്
കോട്ടയം: കേരളത്തിന്റെ തനത്, നാടന്‍, പാരമ്പര്യ സാംസ്കാരിക കലാരൂപങ്ങള്‍ കോര്‍ത്തിണക്കി കോട്ടയത്ത് നാളെ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കും. മന്നം സാംസ്കാരിക സമിതിയും കോട്ടയം നഗരസഭയും പ്രസ്ക്ലബും വിവിധ സാംസ്കാരിക സംഘടനകളും ചേര്‍ന്നാണ് അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ചു പൂക്കള മത്സരം, സാംസ്കാരിക ഘോഷയാത്ര, ഓണ വിളംബര സമ്മേളനം എന്നിവയും നടക്കും. രാവിലെ എട്ടിന് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളം, പുലികളി , മാവേലി വേഷം എന്നിവയില്‍ മത്സരം നടക്കും. വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഓണ വിളംബര സമ്മേളനം ചലച്ചിത്ര സംവിധായകന് ജയരാജ് ഉദ്ഘാടനം ചെയ്യും.
സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന ഓണവിളംബരം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. അത്തപതാക കൈമാറല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും. മന്നം സാംസ്കാരിക സമിതി പ്രസിഡന്റ് എസ്. ജയകൃഷ്ണന് ഏറ്റുവാങ്ങും. തുടര്‍ന്ന് അഞ്ചിന് വര്‍ണാഭമായ അത്തച്ചമയ ഘോഷയാത്ര ആരംഭിക്കും. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന് ഫഌഗ് ഓഫ് ചെയ്യും. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കെ.കെ. റോഡ് വഴി തിരുനക്കര മൈതാനത്ത് സമാപിക്കും.