കൊല്ലം: ഭാര്യയ്ക്ക് സിസേറിയൻ നടത്തുന്നതിന് വേണ്ടി കൊല്ലം ചിതറയിൽ ഉള്ള ഒരാളുടെ കൈവശത്ത് നിന്നും 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായ കടയ്ക്കൽ ഗവ.ആശുപത്രിയിലെ ജൂനിയർ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ തിരുവനന്തപുരം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം. ബി. സ്നേഹലത 50,000 രൂപ പിഴയും, മൂന്നു വർഷം തടവിനും ശിഷിച്ചു.
2011 ഡിസംബർ രണ്ടിന് ആണ് ഡോ. റിനു അനസ് റാവുത്തറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. 2011 നവംബർ 28ന് പ്രസവത്തിനായി കടയ്ക്കൽ ഗവ. ആശുപത്രിയിൽ അഡ്മിറ്റായ പരാതിക്കാരന്റെ ഭാര്യയെ സിസേറിയൻ നടത്തുന്നതിന് ഡോ. റിനു അനസ് റാവുത്തർ കൈക്കൂലി ആവശ്യപ്പെടുകയും, പണം കൊടുക്കാതെയിരുന്നതിനാൽ സിസേറിയൻ നീട്ടികൊണ്ടുപോകുകയും, ഇതിനെത്തുടർന്ന് പരാതിക്കാരൻ കൊല്ലം വിജിലൻസിനെ സമീപിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന റെക്സ് ബോബി അർവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ടീം പരാതിക്കാരൻ ഹാജരാക്കിയ 2,000 രൂപായിൽ ഫിനോഫ്തലീൻ പൗഡർ പുരട്ടി പരാതിക്കാരൻ മുഖേനെ കടയ്ക്കൽ ഗവ.ഹോസ്പിറ്റലിന് സമീപമുള്ള ഡോക്ടറുടെ സ്വകാര്യ പ്രാകീട്സ് റൂമിൽ വച്ച് അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം നൽകി. പണം വാങ്ങിയ സമയം വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.
കേസിന്റെ വിചാരണക്കിടെ പരാതിക്കാരനും ഭാര്യയും കൂറുമാറിയിട്ടുള്ളതാണ്. രണ്ടുപേരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. ഇവർ കൂറുമാറുന്നതിന് മുന്പേ ഇയാളുടെ 164 പ്രകാരം മൊഴി കോടതി രേഖപ്പെടുത്തിയിരുന്നത് മുഖവിലയ്ക്കെടുത്താണ് കോടതി ഡോക്ടറെ ശിക്ഷിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റുചെയ്ത അന്നത്തെ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് റക്സ് ബോബി അർവിൻ അന്വേഷണത്തിനിടെ സ്ഥലംമാറി പ്പോയതിനാൽ തുടന്നുള്ള അന്വേഷണം പൂർത്തിയാക്കി പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ഇപ്പോഴത്തെ വിജിലൻസ് ആൻഡ് ആന്റീ കറപ്ഷൻ ബ്യുറോ ദക്ഷിണമേഖലാ പോലീസ് സൂപ്രണ്ടയാ ആർ. ജയശങ്കർ ആണ്.
പരാതിക്കാരനും പരാതിക്കാരന്റെ ഭാര്യയും കൂറൂമാറിയിട്ടും ഫിനോഫ്തലിൻ പൗഡറിന്റെ അംശം ഡോക്ടറുടെ കൈവശം ഇല്ലാതിരുന്നിട്ടും വിജിലൻസ് ടീമിനോടൊപ്പം ഉണ്ടായിരുന്ന ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശക്തമായ മൊഴിയും മറ്റ് തെളിവുകളുമാണ് ഈ കേസിൽ പ്രതിയെ ശിക്ഷിയ്ക്കാനായത് പ്രോസിക്യുഷന്റെവിജയം ആണെന്ന് കേസ് കോടതിയിൽ പ്രോസിക്യുഷന് വേണ്ടി വാദിച്ച വിജിലൻസ് അഡീഷണൽ ലീഗൽ അഡ്വൈസർ എസ്. ഉണ്ണികൃഷ്ണൻ ചെറിന്നിയൂർ അഭിപ്രായപ്പെട്ടു.