കുന്തിപ്പുഴ-പാത്രക്കടവ് ഇക്കോടൂറിസം പദ്ധതി ഇനിയും എങ്ങുമെത്തിയില്ല

pkd-tourisamമണ്ണാര്‍ക്കാട്: കുന്തിപ്പുഴ-പാത്രക്കടവ് ഇക്കോ ടൂറിസംപദ്ധതി എങ്ങുമെത്താതെ കടലാസില്‍ ഒതുങ്ങി. മണ്ണാര്‍ക്കാട് നഗരത്തിന് ഏറ്റവും അടുത്ത് ഇക്കോ ടൂറിസംപദ്ധതിയെന്നതാണ് ഇതോടെ ലക്ഷ്യമാക്കിയത്.കാടുകാണാനും പഠിക്കാനുമുള്ള പദ്ധതിയായിട്ടാണ് വിഭാവനം ചെയ്തത്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് മൈലാംപാടം കുരുത്തിച്ചാലാണ് ഇക്കോ ടൂറിസംപദ്ധതിക്കായി തെരഞ്ഞെടുത്തത്. ആധുനികരീതിയില്‍ പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍, കോഫി ഷോപ്പ്, ജൈവ വൈവിധ്യ വിപണനശാല, വനത്തിനുള്ളിലേക്കു നടപ്പാത, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതിരേഖ തയാറാക്കിയത്.

ഇപ്രകാരം തയാറാക്കിയ രേഖ ടൂറിസംവകുപ്പിനും ജില്ലാ കളക്ടര്‍ക്കും സമര്‍പ്പിച്ചിരുന്നു. മലയോര കുടിയേറ്റ മേഖലയായ മൈലാംപാടം, പൊതുവാപ്പാടം മേഖലയ്ക്ക് സമഗ്രവികസനം സാധ്യമാകുന്ന പദ്ധതി കൂടിയാണിത്. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍.ഷംസുദീന്റെ നിര്‍ദേശപ്രകാരം തന്നെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പിന്നീട് കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.  ദിനംപ്രതി നിരവധിപേരാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം കാണാനെത്തുന്നത്.ഒഴിവുദിവസങ്ങളില്‍ അഞ്ഞൂറിലധികംപേര്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്ക്. പദ്ധതി തുടങ്ങിയാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.

ഇതിനു പുറമേ കാഞ്ഞിരപ്പുഴ ഉദ്യാനം, മീന്‍വല്ലം വെള്ളച്ചാട്ടം, ശിരുവാണി ഇക്കോടൂറിസം പദ്ധതി എന്നിവയെല്ലാം സമീപത്തായതിനാല്‍ ടൂറിസം സര്‍ക്യൂട്ടിനും സാധ്യത ഏറെയാണ്. സൈലന്റ്‌വാലിയുടെ താഴ്‌വാരത്തുതന്നെ കുന്തിപ്പുഴ ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായാല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍വര്‍ധനയുണ്ടാകും.  ഈ സാഹചര്യത്തില്‍ എംഎല്‍എ ഇടപെട്ട് എത്രയുംവേഗം പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts