കെയുവി 100: ഹാച്ച്ബാക്കുകളെ വീഴ്ത്താന്‍ മഹീന്ദ്രയുടെ ‘കുഞ്ഞന്‍ എസ്‌യുവി’ ഐപ്പ് കുര്യന്‍

kuvമാരുതിയും ഹ്യുണ്ടായിയും അടക്കി വാഴുന്ന ഹാച്ച്ബാക്ക് വിപണിയില്‍ പുതിയൊരു മോഡല്‍ അവതരിപ്പിച്ചു വിജയം നേടുക ശ്രമകരമാണെന്നു മഹീന്ദ്രയ്ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ, ഒരു കുഞ്ഞന്‍ എസ്‌യുവിയെ പുറത്തിറക്കി, ഹാച്ച്ബാക്കുകളുടെ വില്‍പ്പന കവരുക എന്ന തന്ത്രമാണ് അവര്‍ സ്വീകരിച്ചത്. ബി സെഗ്‌മെന്റ് ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവിയുടെ ഗാംഭീര്യം നിറച്ചാണ് കെയുവി 100 (കെയുവി വണ്‍ ഡബിള്‍ ഒ) എന്ന മോഡലിനെ മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. റിറ്റ്‌സും സ്വിഫ്ടും ഗ്രാന്‍ഡ് ഐ 10 നും ഒക്കെ വാങ്ങാനിരുന്നവര്‍ ഇപ്പോള്‍ കെയുവിയുടെ പിന്നാലെയാണ്. മഹീന്ദ്ര ഷോറൂമുകളില്‍ ഉത്സവസമാനമായ ജനത്തിരക്ക് സൃഷ്ടിച്ചിരിക്കുകയാണ് പുതിയ മൈക്രോ എസ്‌യുവി.

രൂപകല്‍പ്പന

നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവികളുടെ വിഭാഗത്തില്‍ ക്വാണ്ടോ, ടിയുവി 300 എന്നീ മോഡലുകള്‍ക്ക് ശേഷം മഹീന്ദ്ര അവതരിപ്പിച്ച മോഡലാണ് കെയുവി 100. മറ്റ് മഹീന്ദ്ര മോഡലുകളുടേതു പോലെ ഇംഗ്ലീഷ് അക്ഷരമായ ഒ യില്‍ അവസാനിക്കുന്ന പേരാണ് പുതിയ വാഹനത്തിനും. കെയുവി വണ്‍ ഡബിള്‍ ഒ എന്നാണ് പേരിന്റെ ഉച്ഛാരണം. കൂള്‍ (കൂള്‍) യൂട്ടിലിറ്റി വെഹിക്കിള്‍ എന്നതിന്റെ ചുരുക്കെഴുത്താണ് കെയുവി.

ടിയുവി 300 യുടെ തൊട്ടുതാഴെ സ്ഥാനംപിടിച്ച കെയുവി 100, മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ വാഹനഡിസൈനിംഗ് സ്ഥാപനമായ പിനിന്‍ഫാരിനയാണ് രൂപകല്‍പ്പന ചെയ്തത്.

ആരുടെയും ശ്രദ്ധപിടിച്ചുപറ്റും വിധമുള്ള രൂപമാണ് കെയുവിയുടേത്. വലിയൊരു എസ്‌യുവിയുടെ മിനിയേച്ചര്‍ പോലെ തോന്നിക്കും. കെയുവി വണ്‍ ഡബിള്‍ ഒയുടെ മുന്‍ഭാഗം റേഞ്ച് റോവര്‍ ഇവോക്കിനെ ഓര്‍മിപ്പിക്കുന്നു. മുന്‍ബമ്പറിന് അടിയിലെ സ്കിഡ് പ്ലേറ്റുകള്‍ എസ്‌യുവിയുടെ ടഫ് ലുക്ക് നല്‍കുന്നു. സൈഡ് ഫെന്‍ഡര്‍ വരെ നീളുന്ന ഹെഡ്‌ലാംപ് യൂണിറ്റ് വേറിട്ട കാഴ്ചയാണ്. മുന്തിയ വകഭേദമായ കെ 8 ല്‍ ഡേ ടൈം എല്‍ഇഡി റണ്ണിംഗ് ലാംപുകളും ഈ യൂണിറ്റിലുണ്ട്.

നീളമേറിയ ഹെഡ്‌ലാംപുകള്‍ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ്. തട്ടോ മുട്ടോ കിട്ടിയാല്‍ ഹെഡ്‌ലാംപ് യൂണിറ്റ് അപ്പാടെ മാറുമ്പോഴുള്ള അധിക ചെലവ് ഇതു കുറയ്ക്കും. പിന്‍ഭാഗവും മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പഴയ ഔഡി ക്യു സെവനെ ഓര്‍മിപ്പിക്കുന്നതാണ് ടെയ്ല്‍ ലാംപുകള്‍ .

ഷെവര്‍ലെ ബീറ്റിന്റേതുപോലെ പിന്നിലെ വിന്‍ഡോ ഗ്ലാസിനോട് ചേര്‍ന്നാണ് റിയര്‍ ഡോറുകളുടെ ഹാന്‍ഡിലുകള്‍ .കെയുവിയെ ഇതൊരു രണ്ട് ഡോര്‍ വാഹനമായി തോന്നിപ്പിക്കും. ടയറുകളുടെ വലുപ്പം എസ്‌യുവിയുടെ രൂപത്തിന് ഇണങ്ങുന്നില്ല. 14 ഇഞ്ച് വലുപ്പമുള്ള വീലുകള്‍ക്ക് പകരം അല്‍പ്പം കൂടി വലുപ്പമുള്ളത് നല്‍കേണ്ടിയിരുന്നു. മാരുതി സ്വിഫ്ടിനെ അപേക്ഷിച്ച് 175 മില്ലിമീറ്റര്‍ നീളം കുറവാണെങ്കിലും വീതിയും ഉയരവും കെയുവിയ്ക്കാണ് കൂടുതല്‍ .

ഡാഷ്‌ബോര്‍ഡ് ആധുനികവും ഗുണമേന്മയുള്ളതുമാണ്. ടിയുവി 300 ന്റെ ചെറുപതിപ്പ് പോലെയാണിത്. കണ്‍ട്രോളുകളും എസി വെന്റുമെല്ലാം ഭംഗിയായി വിന്യസിച്ചിരിക്കുന്നു. മൂന്നര ഇഞ്ച് സ്ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് ബ്ലൂടൂത്ത്, യുഎസ്ബി , ഓക്‌സിലറി ഇന്‍പുട്ട് കണക്ടിവിറ്റികളുണ്ട്. ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദനിലവാരം മികച്ചതാണ്. ഇന്‍സ്ട്രമെന്റ് കണ്‍സോളിലെ അനലോഗ് ടാക്കോ സ്പീഡോ മീറ്ററുകള്‍ക്കിടയില്‍ ഡിജിറ്റല്‍ സ്ക്രീനുണ്ട്. ഇതില്‍ ഗീയര്‍ പൊസിഷന്‍, എന്‍ജിന്‍ താപനില, ഫ്യുവല്‍ ലെവല്‍ എന്നിവ കാണാം.

കെയുവിയുടെ ഇന്റീരിയര്‍ അതിശയിപ്പിക്കും വിധം വിശാലമാണ്. ആറ് സീറ്റര്‍ കൂടിയാണ് കെയുവി 100. മുന്നില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന വിധം ബെഞ്ച് സീറ്റ് നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്ക് ഇരിക്കാനാണ് ഇത് കൂടുതല്‍ അനുയോജ്യം.

ഹ്രസ്വദൂര യാത്രകള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം. ഗീയര്‍ലീവറും ഹാന്‍ഡ് ബ്രേക്കുമെല്ലാം ഡാഷ്‌ബോര്‍ഡിലാണ് ഉറപ്പിച്ചിരിക്കുന്നത്. അഞ്ച് സീറ്ററായും കെയുവി ലഭിക്കും. മുന്നിലെ സീറ്റിന്റെ മധ്യത്തിലെ ബാക്ക് റെസ്റ്റ് താഴ്ത്തിയാല്‍ കപ് ഹോള്‍ഡറുകളുള്ള വലുപ്പമേറിയ ആം റെസ്റ്റ് ലഭ്യമാകും.

വലിയ എസ്‌യുവി ഓടിക്കുന്ന ഫീല്‍ നല്‍കും വിധമാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഉയരത്തില്‍ ഉറപ്പിച്ച സീറ്റുകളും വിശാലമായി തുറക്കാവുന്ന ഡോറുകളും വണ്ടിയിലേയ്ക്ക് കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നു.

ടൊയോട്ട ക്വാളിസിലെയും ഡാറ്റ്‌സണ്‍ ഗോയിലെയും പോലെ പുള്‍ ടൈപ്പ് ഹാന്‍ഡ് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലും മികച്ച ലെഗ് ഹെഡ് റൂം കെയുവിയില്‍ ലഭിക്കുന്നു. പിന്നിലും ഫ്‌ളോര്‍ ബോര്‍ഡ് നിരപ്പുള്ളതാകയാല്‍ പിന്‍ സീറ്റിലെ നടുവിലിരിക്കുന്നയാള്‍ക്കും സുഖകരമായ യാത്ര അനുഭവിക്കാം. മൂന്ന് ഹെഡ് റെസ്റ്റുകള്‍ നല്‍കിയിരിക്കുന്നതും പിന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് സുഖസവാരി നടത്താന്‍ സഹായിക്കുന്നു. പിന്‍സീറ്റിന്റെ മധ്യത്തില്‍ മടക്കിവയ്ക്കാവുന്ന ആം റെസ്റ്റ് നല്‍കിയിട്ടുണ്ട്. പിന്നില്‍ രണ്ട് പേര്‍ യാത്ര ചെയ്യുമ്പോള്‍ ഇത് നിവര്‍ത്തി വയ്ക്കാം.

കെയുവിയുടെ മറ്റൊരു പുതുമയുള്ള ഫീച്ചര്‍ പിന്‍സീറ്റിന്റെ മുന്നിലുള്ള ഫ്‌ളാറിലും മുന്‍ സീറ്റിനടിയിലുമുള്ള സ്‌റ്റോറേജ് സ്‌പേസുകളാണ്. മുന്നിലെ യാത്രക്കാരന്റെ സീറ്റിനടിയില്‍ എടുത്തുമാറ്റാവുന്ന പെട്ടി പോലുള്ള സ്‌റ്റോറേജ് സ്‌പേസാണുള്ളത്. ആരും കാണാതെ രഹസ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പറ്റിയ സ്ഥലം തന്നെ.

വലിയ പെട്ടികള്‍ ഉള്‍ക്കൊള്ളാന്‍ മാത്രം വലുപ്പമുള്ളതാണ് 243 ലീറ്റര്‍ ലഗേജ് സ്‌പേസ്. ലഗേജ് സ്‌പേസ് അല്‍പ്പം താഴ്ന്നായതിനാല്‍ ഭാരമേറിയ സാധനങ്ങള്‍ വയ്ക്കാനും എടുക്കാനും അല്‍പ്പം ആയാസപ്പെടണം. പിന്നിലെ സീറ്റിന്റെ ബാക്ക് റെസ്റ്റ് മടക്കിയാല്‍ ലഗേജ് സ്‌പേസ് 473 ലിറ്ററാകും.

എന്‍ജിന്‍ െ്രെഡവ്

പുതിയതായി വികസിപ്പിച്ച മോണോകോക്ക് പ്ലാറ്റ്‌ഫോമുള്ള കെയുവി 100 ന് മഹീന്ദ്രയുടെ പുതിയ എം ഫാല്‍ക്കണ്‍ ശ്രേണി എന്‍ജിനുകളാണ് ഉപയോഗിക്കുന്നത്.

സാഗ്യോംഗുമായി ചേര്‍ന്നാണ് എന്‍ജിനുകള്‍ വികസിപ്പിച്ചത്. എം ഫാല്‍ക്കണ്‍ ജി 80 എന്നു പേരിട്ടിരിക്കുന്ന 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി 114 എന്‍എം ആണ് ശേഷി. മൈലേജ് ലിറ്ററിന് 18.15 കിലോമീറ്റര്‍.

1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് എം ഫാല്‍ക്കണ്‍ ഡി 75 എന്നാണ് പേര്. ഇതിന് 77 ബിഎച്ച്പി 190 എന്‍എം ആണ് ശേഷി. രാജ്യത്തെ ഏറ്റവും മൈലേജുള്ള ഡീസല്‍ എസ്‌യുവി കൂടിയാണ് കെയുവി 100. മൈലേജ് ലിറ്ററിന് 25.32 കിലോമീറ്റര്‍. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് രണ്ട് എന്‍ജിന്‍ വകഭേദങ്ങള്‍ക്കും. എഎംടി ഗീര്‍ബോക്‌സുള്ള വകഭേദം പുറത്തിറക്കാന്‍ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. സെന്റര്‍ കണ്‍സോളില്‍ ഉറപ്പിച്ച ഗിയര്‍ലിവര്‍ എഎംടി വകഭേദത്തിന് കൂടുതല്‍ ഇണങ്ങും.

ഡീസല്‍ എന്‍ജിന്‍ പുറമേയ്ക്ക് ശബ്ദക്കാരനാണെങ്കിലും ഉള്ളില്‍ അത് അല്‍പ്പവും അനുഭവപ്പെടുന്നില്ല. സെന്റര്‍ കണ്‍സോളിലെ ജോയ് സ്റ്റിക്ക് പോലെ കൈകാര്യം ചെയ്യാവുന്ന ഗിയര്‍ലിവര്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. ടര്‍ബോ ലാഗ് തീര്‍ത്തും കുറവാണ്. മൂന്നാം ഗിയറിലും 30 കിലോ മീറ്റര്‍ വേഗത്തില്‍ പോകാം. എന്‍ജിന്‍ നോക്കിംഗ് അനുഭവപ്പെടില്ല. 1750-2300 ആര്‍പിഎമ്മില്‍ മികച്ച പുള്ളിംഗ് കെയുവിയ്ക്കുണ്ട്. പരമാവധി മൈലേജ് ഉറപ്പാക്കാന്‍ മൈക്രോ ഹൈബ്രിഡ് അഥവാ സ്റ്റാര്‍ട്ട് സ്‌റ്റോപ് സിസ്റ്റം, പവര്‍ / ഇക്കോ മോഡ് എന്നിവ നല്‍കിയിട്ടുണ്ട്. ഇതില്‍ പവര്‍ / ഇക്കോ മോഡ് ഡീസലിന്റെ മുന്തിയ വകഭേദത്തില്‍ മാത്രമേയുള്ളൂ.

കൂടുതല്‍ മൈലേജ് നേടാനുള്ളതാണ് ഇക്കോ മോഡ്. എന്‍ജിന്‍ ആര്‍പിഎം 3,500ല്‍ പരിമിതപ്പെടുത്തി മെച്ചപ്പെട്ട മൈലേജ് ഇതുറപ്പാക്കുന്നു. അധികം കരുത്ത് ആവശ്യമില്ലാത്ത സിറ്റി യാത്രകളില്‍ ഇതുപയോഗിക്കാം. സഡന്‍ പിക്കപ്പ് ആവശ്യമുള്ളപ്പോള്‍ പവര്‍ മോഡ് ഉപയോഗിക്കാം. മോണോകോക്ക് ബോഡിയുള്ള കെയുവിയുടെ സസ്‌പെന്‍ഷന്‍ സംവിധാനം പ്രീമിയം ഹാച്ച്ബാക്കുകളുടെ തരം യാത്രാസുഖം സമ്മാനിക്കുന്നു. സ്പീഡ് കൂടുന്നതനുസരിച്ച് കട്ടി കൂടുന്ന സ്റ്റിയറിങ് നല്ല പ്രതികരണമുള്ളതാണ്.

പെട്രോള്‍ വകഭേദത്തിന് ഡീസലിനെക്കാള്‍ ബിഎച്ച്പി കൂടുതലുണ്ടെങ്കിലും വണ്ടിയുടെ പെര്‍ഫോമന്‍സ് അത്ര മികച്ചതായി തോന്നിയില്ല. ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിലാണല്ലോ മഹീന്ദ്രയുടെ വൈഭവം.

വകഭേദങ്ങള്‍

കെ2 , കെ 4 , കെ 6 , കെ 8 എന്നീ നാല് വകഭേദങ്ങള്‍ കെയുവി 100 യ്ക്കുണ്ട്. എബിഎസ് അടിസ്ഥാനവകഭേദത്തിനുമുണ്ട്. ഡ്യുവല്‍ എയര്‍ബാഗ് ഓപ്ഷണലായി ബേസ് വേരിയന്റിനും ലഭിക്കും.

എസി, ചെരിവ് ക്രമീകരിക്കാവുന്ന പവര്‍സ്റ്റീറിംഗ്, പവര്‍ ഔട്ട്‌ലെറ്റ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, എബിഎസ്, ഇബിഡി എന്നിവയാണ് അടിസ്ഥാന വകഭേദത്തിന്റെ ഫീച്ചറുകള്‍ .

മാരുതി സ്വിഫ്ട്, ഗ്രാന്‍ഡ് ഐ 10 മോഡലുകളെക്കാള്‍ വിലക്കുറവാണ് കെയുവിയ്ക്ക്.

അവസാനവാക്ക്

മഹീന്ദ്രയുടെ ഏറ്റവും ചെറുതും വിലക്കുറവുളളതുമായ എസ്‌യുവി, ഹാച്ച്ബാക്കുകളുമായാണ് വിപണിയില്‍ മത്സരിക്കുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് 10 , ഫോഡ് ഫിഗോ , മാരുതി സുസൂക്കി സ്വിഫ്ട് , ടൊയോട്ട എറ്റിയോസ് ലിവ, ടാറ്റ ബോള്‍ട്ട് എന്നിവ കെയുവിയുടെ എതിരാളികളുടെ ഗണത്തില്‍ പെടും. എസ്‌യുവി കുടുംബത്തിലേയ്ക്കുള്ള ആദ്യ പടിയായി കെയുവി 100 യെ കാണാം.

ബി പ്ലസ് ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവിയുടെ കാഴ്ചപ്പൊലിമയും ഉള്‍വിസ്താരവും നല്‍കുന്ന നല്ലൊരു മോഡലാണ് കെയുവി 100. യുവതലമുറയെ ലക്ഷ്യമിടുന്ന കെയുവി ഒരു മെഗാഹിറ്റ് ആകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related posts