കോലഞ്ചേരി: കോണ്‍ഗ്രസ് പാര്ട്ടിെക്കതിരെ അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുന്ന തരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയുടേതെന്ന പേരില്‍ പ്രചരിച്ച ശബ്ദരേഖ പാര്‍ട്ടിക്കുള്ളില്‍ വിവാദമാകുന്നു. കുന്നത്തുനാട് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.പി. സജീന്ദ്രന്റെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്റേതെന്നു പറയുന്ന ഫോണ്‍ സംഭാഷണങ്ങളാണു കഴിഞ്ഞ ദിവസം പുറത്തു വന്നത്.
കുന്നത്തുനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ എംഎല്‍എ ടി.എച്ച്. മുസ്തഫ, ബെന്നി ബെഹനാന്, ജോസഫ് വാഴക്കന്, കെപിസിസി സെക്രട്ടറി സക്കീര്‍ഹുസൈന്‍, ഡിസിസി സെക്രട്ടറിമാരായ ടി.എച്ച്. അബ്ദുള്‍ ജബ്ബാര്‍, എം.പി. രാജന്, ബി. ജയകുമാര്‍, സി.പി. ജോയി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചുള്ള സംഭാഷണമാണു യുഡിഎഫ് ക്യാമ്പിനു തലവേദനയായിരിക്കുന്നത്. കൂടാതെ ഐ ഗ്രൂപ്പ് നേതാക്കളായ അഡ്വ.എം.എസ്. എബ്രഹാം, നിബു കെ. കുര്യാക്കോസ് എന്നിവര്‍ വോട്ടു മറിക്കുമെന്നും സംഭാഷണത്തിലുണ്ട്. ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നു മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.
സംഭാഷണം പുറത്തു വന്നതോടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും എതിര്‍പ്പ് പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുറത്തു വന്ന ശബ്ദരേഖ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തനത്തെ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ശബ്ദരേഖ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ആയുധമാക്കിയതോടെ കുന്നത്തുനാടിനു പുറമെ മൂവാറ്റുപുഴയിലും യുഡിഎഫിനു തലവേദനയായിട്ടുണ്ട്.
സ്ഥാനാര്‍ഥിക്കു വിദേശ നിക്ഷേപമുണ്ടെന്നുള്ള ശബ്ദ രേഖയിലെ പരാമര്‍ശമാണു മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് പ്രചരണായുധമാക്കിയിരിക്കുന്നത്. എന്നാല്‍, വി.പി. സജീന്ദ്രനെയും കുടുംബത്തെയും അവഹേളിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചതാണു ശബ്ദരേഖയെന്നാണു യുഡിഎഫ് നേതൃത്വത്തിന്റെ വാദം.
വി.പി. സജീന്ദ്രനും ഭാര്യയും മാപ്പുപറയണമെന്ന് എല്‍ഡിഎഫ്
കോലഞ്ചേരി: കുന്നത്തുനാട്ടിലെ പട്ടികജാതിക്കാരെ അവഹേളിച്ച യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രനും ഭാര്യയും മാപ്പുപറയണമെന്ന് എല്‍ഡിഎഫ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലത്തിലെ പട്ടികജാതി വിഭാഗങ്ങളെ ജാതീയമായി വേര്‍തിരിച്ച് അവഹേളിക്കുന്ന പരാമര്‍ശമാണു സജീന്ദ്രന്റെ ഭാര്യ നടത്തിയത്. നിയമസഭയുടെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ സമിതി ചെയര്മാന് കൂടിയായ സജീന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യയും ഇത്തരത്തില്‍ പട്ടികജാതിക്കാരെ ആക്ഷേപിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.
മാധ്യമപ്രവര്‍ത്തകരെ പോലും വിലക്കെടുത്തു നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു സജീന്ദ്രനും ഭാര്യയും ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളെ നോക്കുകുത്തിയാക്കി സജീന്ദ്രന്റെ ഭാര്യ മണ്ഡലത്തില്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിന്റെ ഭാഗമാണെന്നും എല്‍ഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എം.ടി. തങ്കച്ചന്, കണ്‍വീനര്‍ കെ.വി. ഏലിയാസ് എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.