മുക്കം: ഉറ്റവരും ഉടയവരും ഏറെയുണ്ടായിട്ടും ആരോരുമില്ലാത്തവളായി കുറ്റിക്കാടുകള്‍ക്കിടയില്‍ വലിച്ച് കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ദുരിത ജീവിതം നയിക്കേണ്ട അവസ്ഥയിലാണ് മുക്കം അഗസ്ത്യന്‍ മുഴി ചോലയില്‍ മേത്തര്‍ കോമളം എന്ന വീട്ടമ്മ. കോമളവും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത് കൂരയെന്ന് പോലും പറയാന്‍ പറ്റാത്ത ഷീറ്റിനടിയിലാണ്. കുത്തി നിര്‍ത്തിയ ഒറ്റമുളയില്‍ നാലു ഭാഗവും വലിച്ചുകെട്ടിയ ഒരു പ്ലാസ്റ്റിക് ഷീറ്റ്. പഴകി ദ്രവിച്ച സാരികൊണ്ടും ദ്രവിച്ചുണങ്ങിയ ഓലകൊണ്ടുംഅരികുകള്‍ പേരിന് മറച്ചിരിക്കുന്നു.
ഏതോ വ്യാപാര സ്ഥാപനം പരസ്യത്തിനായി കെട്ടി ഒഴിവാക്കിയ ഫ്‌ലക്‌സ് ബോര്‍ഡാണ് വാതില്‍. അട്ടിയിട്ടിരിക്കുന്ന ഹോളോബ്രിക്‌സുകള്‍ക്ക് മുകളില്‍ അടുക്കി വച്ച രണ്ട് മൂന്ന് പലകകളാണ് അന്തിയുറങ്ങാന്‍ ഏക ആശ്രയം. പാമ്പു മുതല്‍ പഴുതാര വരെയും കുറുക്കനും നായ്ക്കളും ഏതു സമയത്തും കയറി വരാന്‍ പാകമുള്ള ഷീറ്റിനിടയിലാണ് ഇവരുടെ താമസം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും പഠിക്കുന്നതും മറ്റും ഈ ഷീറ്റിനടിയില്‍ തന്നെ.
പ്രാഥമികാവശ്യങ്ങള്‍ക്ക് അയല്‍ വീടുകളില്‍ പോവണം. അതിരാവിലെ എഴുന്നേറ്റ് 50 ഓളം വീടുകളില്‍ പത്രവിതരണം നടത്തിയതിന് ശേഷം കൂലിവേല ചെയ്താണ് മൂന്നു മക്കളടങ്ങുന്ന കുടുംബത്തെ കോമളം പോറ്റുന്നത്. സ്വന്തമായി ഒരു വീടെന്നതാണ് ഈ കുടുംബത്തിന്റെ സ്വപ്നം. അതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്നോ മറ്റോ ധനസഹായം ലഭിക്കണമെങ്കില്‍ സ്വന്തം പേരില്‍ ഭൂമി വേണം. സ്വന്തം വീട്ടില്‍ നിന്നും 15 സെന്റോളം ഭൂമി കോമളത്തിന് ഓഹരിയായി ലഭിച്ചങ്കിലും അത് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലന്ന് കോമളം പറയുന്നു. പല തവണ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.