ചില്ലറപ്രശ്‌നം ചില്ലറയല്ല; വ്യാപാരികളും കണ്ടക്ടര്‍മാരും കഷ്ടപ്പെടുന്നു

KTM-COINതൊടുപുഴ: ബസുകളിലും, കടകളിലും ചില്ലറക്ഷാമം രൂക്ഷമാകുന്നു.ചില്ലറ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല. പലപ്പോഴും ബസ് കണ്ടക്ടറും യാത്രക്കാരും തമ്മില്‍ കലഹിക്കുന്നതും ചില്ലറയുടെ പേരില്‍ തന്നെ. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളെയും, ജീവനക്കാരെയും ചില്ലറക്ഷാമം രൂക്ഷമായി ബാധിക്കുന്നുണ്ട്. ചില്ലറക്ഷാമം അനുദിനം കൂടി വരുന്നതിനാല്‍ കടകളില്‍ നിന്നും സാധനം വാങ്ങിയശേഷം ഉപഭോക്താവ് ബാക്കി ചില്ലറയ്ക്കു പകരം മിഠായി തിന്നേണ്ട അവസ്ഥയാണ്.

ഒരു രൂപ നാണയങ്ങള്‍ക്കാണ് കൂടുതല്‍ ക്ഷാമം. കയ്യില്‍ ചില്ലറയില്ലാതെ യാത്ര ചെയ്താല്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് യാത്രക്കാരനും, ബസ് കണ്ടക്ടറുമാണ്. ഏഴുരൂപയുടെയും ഒമ്പതു രൂപയുടെയും ടിക്കറ്റുകള്‍ക്ക് പത്തു രൂപ നല്‍കിയാല്‍ പലപ്പോഴും ബാക്കി കിട്ടാറില്ലെന്നു യാത്രക്കാര്‍ പറയുന്നു. ഇറങ്ങാന്‍ നേരം ബാക്കി തരാമെന്നു പറയുന്ന ചില കണ്ടക്ടര്‍മാരെ ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചില്ലെങ്കില്‍ പണം നഷ്ടമാകും. കണ്‍സഷന്‍ നിരക്കില്‍ യാത്രചെയ്യുന്ന സ്കൂള്‍  കുട്ടികളായിരുന്നു ബസുകാരുടെ പ്രധാന ചില്ലറ നാണയ ഉറവിടം.

എന്നാല്‍ സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ ഇതും നിലച്ചിരിക്കുകയായണ്. കെഎസ്ആര്‍ടിസി ബസുകളിലും സമാനമായ അവസ്ഥയാണ്. കെഎസ്ആര്‍ടിസി കണ്ടക്ടറുമായി ചില്ലറയുടെ പേരില്‍ കലഹിക്കാത്ത യാത്രക്കാര്‍ വിരളമായിരുക്കും. പല ദീര്‍ഘദൂര സര്‍വീസുകളിലും യാത്രക്കാര്‍ക്ക് ബാക്കി ചില്ലറ ലഭിക്കാറില്ല.അതേസമയം മിനിമം ടിക്കറ്റുകള്‍ക്കുപോലും യാത്രക്കാര്‍ വലിയ തുകയുടെ നോട്ടുകളാണ് തരുന്നതെന്നു കണ്ടക്ടര്‍മാരും പറയുന്നു.

ഹോട്ടല്‍, ബേക്കറി പോലുള്ള കടളിലും ചില്ലറയ്ക്കു പകരം മിഠായി നല്‍കുകയാണ് ഇപ്പോള്‍ പതിവ്. എന്നാല്‍ പച്ചക്കറി, പഴക്കടകള്‍ പോലുള്ള കടകളില്‍ ബാക്കി തുകയ്ക്കുള്ള സാധനങ്ങള്‍ കൂടി നല്‍കിയാണ് ചില്ലറക്ഷാമത്തിന് പരിഹാരം കാണുന്നത്.

Related posts