മാറനല്ലൂർ: തുടർച്ചയായുള്ള മോഷണങ്ങളിൽ ആശങ്കയിലായി മാറനല്ലൂർ നിവാസികൾ . മാറനല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന മോഷണങ്ങൾക്ക് ഇതുവരെയും തടയിടാൻ കഴിയാതെ പോലീസ്. മുന്പ് കടകൾ കുത്തിത്തുറന്നുള്ള മോഷണങ്ങളാണ് നടന്നതെങ്കിൽ അടുത്തിടെയായി നടക്കുന്നത് വീട് കുത്തിത്തുറന്നുള്ള കവർച്ചകളാണ്. ഇതുകാരണം നാട്ടുകാർ ഭീതിയിലാണ്.
വെള്ളിയാഴ്ച രാത്രി എട്ടോടുകൂടി പുന്നാവൂർ കൈതയിൽ റോഡരികത്തുവീട്ടിൽ വിജയ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. രാത്രി 7.30ഒാടുകൂടിയാണ് വിജയ് ബാബുവും കുടുംബവും തൊട്ടടുത്തുള്ള ദേവാലയത്തിൽ പ്രാർഥനയ്ക്കായി പോയത്. എട്ടുമണിയോടുകൂടി തിരച്ചെത്തിയ ഇവർ കണ്ടത് പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചിരിക്കുന്നതാണ്. തുടർന്നുനടത്തിയ പരിശോധനയിലാണ് വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവൻ സ്വർണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. മാറനല്ലൂർ പോലീസിലറിയിച്ചതനുസരിച്ച് പോലീസെത്തി പരിശോധന നടത്തി.
മേലാരിയോട്ടും ചെന്നിയോട്ടും വീട്ടുകാർ പുറത്തുപോയ തക്കംനോക്കിയാണ് കവർച്ച നടന്നത്. മൂന്നുമാസം മുൻപ് മാറനല്ലൂരിലെ കടകൾ കുത്തിത്തുറന്നുള്ള കവർച്ചകളിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതലുള്ള അംഗബലമാണ് ഇപ്പോഴും മാറനല്ലൂർ പോലീസ് സ്റ്റേഷനിലുള്ളത്. 20ൽ താഴെയാണ് അംഗബലം. വർഷത്തിൽ ആയിരത്തിലധികം ക്രിമിനൽക്കേസുകളുള്ള സ്റ്റേഷനിൽ 30ൽ കൂടുതൽ പേർ ഉണ്ടെങ്കിൽമാത്രമേ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പോലീസ് പരിശോധനയും സ്ക്വാഡുകൾ തിരിച്ചുള്ള അന്വേഷണവും നടത്താൻ സാധിക്കൂ. മോഷണം നടന്ന പ്രദേശങ്ങളിൽ നിരീക്ഷണ കാമറകളിലില്ലാത്തതാണ് പോലീസിന് മറ്റൊരു വെല്ലുവിളി.

