ചുണ്ടനക്കി പാടുന്നതായി അഭിനയിക്കുന്ന പ്ലസ് ട്രാക്ക് വകവച്ചുകൊടുക്കാനാവില്ല: പി. ജയചന്ദ്രന്‍

FB-JAYACHANDRAN

തൃശൂര്‍: പ്ലസ് ട്രാക്കെന്ന പേരില്‍ വെറുതെ ചുണ്ടനക്കി പാടുന്നതായി അഭിനയിക്കുന്നതു വകവച്ചുകൊടുക്കാനാവില്ലെന്നു ഗായകന്‍ പി. ജയചന്ദ്രന്‍. വളരെ മോശമായ കാര്യമാണ് ഇതെന്നും ജയചന്ദ്രന്‍ തുറന്നടിച്ചു. മാസ്മരസംഗീതം സന്ധ്യാരാഗം തൃശൂര്‍ റീജണല്‍ തീയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയചന്ദ്രന്‍.

കരോക്കെ ഉപയോഗിച്ചു പാടുന്ന രീതി തെറ്റാണെന്നു താന്‍ പണ്ടേ പറഞ്ഞതാണെന്നും പാട്ടുകാര്‍ പ്രതിഫലം വാങ്ങുന്നതുപോലെ ഓര്‍ക്കസ്ട്രക്കാര്‍ക്കും അതിന് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നും ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്ലസ് ട്രാക്കെന്ന വൃത്തികേടിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാട്ടുപാടുമ്പോള്‍ തെറ്റൊക്കെ സംഭവിക്കാം, മനുഷ്യരാണ്. അതൊന്നും കണക്കിലെടുക്കേണ്ട കാര്യമില്ല. എന്നാല്‍ ചുണ്ടനക്കുക മാത്രം ചെയ്യുന്ന അഭിനയം വകവച്ചുകൊടുക്കാ നാവില്ല. പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാട് പാട്ടുകള്‍ കേള്‍ക്കണം. അതും പഴയ പാട്ടുകള്‍. ദേവരാജന്‍ മാസ്റ്ററെ പ്പോലെയുള്ളവരെല്ലാം ഉച്ചാ രണശുദ്ധി നിര്‍ബന്ധമുള്ളവരായി രുന്നു. പാട്ടുകേള്‍ക്കുന്ന ശ്രോതാവിനു അതെഴുതിയെടുക്കാന്‍ സാധിക്കണമെന്നാണു മാസ്റ്റര്‍ പറഞ്ഞിട്ടുള്ളത്. ഒരുപാട് പാട്ടുകള്‍കേട്ടു തങ്ങളുടേതായ ഒരു ശൈലി വളര്‍ത്തി യെടുക്കാനാണു പുതിയ പാട്ടുകാര്‍ ശ്രദ്ധിക്കേണ്ടത്.

തൃശൂരില്‍ നിന്നും നമ്മെ വിട്ടുപിരിഞ്ഞ കലാകാരന്മാരുടെ കുടുംബ ങ്ങള്‍ക്കും അവശരായ കലാകാരന്മാര്‍ക്കുമായി നവംബര്‍ 26 ന് ഒരു സംഗീതപരിപാടി തൃശൂരില്‍ നടത്തുന്നുണ്ട്. ഈ പരിപാടി വലിയ രീതിയില്‍ നടത്താനാണ് ആഗ്രഹിക്കുന്നത്. ആരെയും ഇതിലേക്ക് ഞാന്‍ ക്ഷണിക്കുന്നില്ല. ആര്‍ക്കും വന്നുപാടാം. എന്തായാലും ഞാനുണ്ടാവും. ഇതില്‍നിന്നു കിട്ടുന്ന പണം അര്‍ഹരായവരിലേക്കു നേരിട്ടുതന്നെ എത്തി ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ മ്യൂസിക് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന മാസ്മര സംഗീതം സന്ധ്യാരാഗത്തില്‍ പുതിയ തലമുറ പി. ജയചന്ദ്രനു ഗുരുപൂജ അര്‍പ്പിച്ചു. തൃശൂര്‍ മ്യൂസിക് ക്ലബ് പ്രസിഡന്റ് നാരായണ പിഷാരടി ജയചന്ദ്രനെ പൊന്നാട അണിയിച്ചാദരിച്ചു. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ ജയചന്ദ്രന്‍ മലയാളിക്കു സമ്മാനിച്ചതില്‍ തെരഞ്ഞെടുത്ത 60 ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കുന്ന ഓഡിയോ സിഡിയുടെ പ്രകാശനവും നടന്നു.

ഓണനിലാവ് ടാലന്റ് ഹണ്ടിലെ വിജയികള്‍ക്കു ജയചന്ദ്രന്‍ പുരസ്കാരം സമ്മാനിച്ചു. തൃശൂര്‍ മ്യൂസിക് ക്ലബ് സെക്രട്ടറി മധു അനലൂര്‍ അധ്യക്ഷത വഹിച്ചു. ജി. അനൂപ്, മധു നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണനിലാവ് ടാലന്റ്ഹണ്ടില്‍ വിജയികളും മ്യൂസിക് ക്ലബ് തൃശൂരിലെ അംഗങ്ങളുടെയും നേതൃത്വത്തില്‍ ഗാനമേളയും നടന്നു.

തൃശൂര്‍ മ്യൂസിക് ക്ലബും മാസ്മര കളക്ഷന്‍സും സംയു ക്തമായാണു മാസ്മരസംഗീതം സന്ധ്യാരാഗം സംഘടിപ്പിച്ചത്. മാസ്മരസംഗീതം ശിശിരരാഗം ഡിസംബറിലും, വസന്തരാഗം അടുത്ത മാര്‍ച്ചിലും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Related posts