ബെര്‍ലിന്‍: യൂറോപ്യന്‍ ഭൂഖണ്ഡത്തെ താരതമ്യങ്ങളിലാത്ത സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിച്ച അടിസ്ഥാന മൂല്യങ്ങളില്‍നിന്ന് ജര്‍മനിയും യൂറോപ്പിലെ സഖ്യകക്ഷികളും വ്യതിചലിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള അവസാന ജര്‍മന്‍ സന്ദര്‍ശന വേളയിലാണ് യൂറോപ്പിന്റെ ഐക്യം നിലനിര്‍ത്താനുള്ള ഒബാമയുടെ ആഹ്വാനം.
ഐക്യ യൂറോപ്പിന്റെ ഹൃദയസ്ഥാനത്ത് ജര്‍മനി തുടരണം. ഐക്യത്തോടെയും സമൃദ്ധിയോടെയും തുടരുന്ന ശക്തമായ ജനാധിപത്യ യൂറോപ്പിനെയാണ് യുഎസിനും ലോകത്തിനാകെയും ആവശ്യമെന്നും ഒബാമ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ ഹാനോവര്‍ മെസെയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പിന്റെ ഐക്യം കുറച്ചു പേരുടെ സ്വപ്നമായിരുന്നു. അതു പിന്നെ ഒരുപാടു പേരുടെ പ്രതീക്ഷയായി. ഇപ്പോഴത് നമ്മുടെ എല്ലാവരുടെയും അനിവാര്യതയാണ്- മുന്‍ ജര്‍മന്‍ ചാന്‍സലര്‍ കോണ്‍റാഡ് അഡെന്യൂയറുടെ വാക്കുകളും ഒബാമ ഉദ്ധരിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍