വാഷിംഗ്ടൺ ഡിസി: യുപിഎസ് കൊറിയർ കന്പനിയുടെ ചരക്കുവിമാനം വിമാനത്താവളത്തിൽ തകർന്നുവീണ് ഏഴു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. അമേരിക്കയിലെ ലൂയിവിൽ നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
യുപിഎസിന്റെ ആസ്ഥാന വിമാനത്താവളമായ ഇവിടെനിന്നു ഹൊണൊലുലുവിലേക്കു പുറപ്പെട്ട മക്ഡണൽ ഡഗ്ലസ് എംഡി-11 ഇനം വിമാനം 175 അടി മാത്രം ഉയർന്നപ്പോൾ തീഗോളമായി കുത്തനെ പതിക്കുകയായിരുന്നു.
വിമാനത്താവളത്തിനോടു ചേർന്നുള്ള വ്യാവസായിക മേഖലയിൽ വൻ തീപിടിത്തമുണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. പ്രവർത്തനം നിർത്തിവച്ച വിമാനത്താവളം ഇന്നലെയാണു വീണ്ടും തുറന്നത്.
വിമാനത്തിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും താഴെയുണ്ടായിരുന്ന നാലു പേരുമാണു മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടം ആഗോളതലത്തിലെ ചരക്കുവിതരണത്തെ ബാധിക്കുമെന്ന് യുപിഎസ് കന്പനി അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന് 34 വർഷം പഴക്കമുണ്ട്.

