ഹൂസ്റ്റണ്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി തുടർച്ചയായി മൂന്നാം തവണയും മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കുറുമുള്ളൂർ ഇലക്കാട്ട് കുടുംബാംഗമാണ്.
2020 ഡിസംബറിലാണ് റോബിൻ ആദ്യം മിസോറി സിറ്റിയുടെ 12-ാമത് മേയറായത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാൻ റോബിൻ നടത്തിയ ശ്രമങ്ങൾ ജനങ്ങളെ ആകർഷിച്ചു. വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനവും നവീകരണവും കമ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനാക്കി.
വൻ നഗരമായ ഹൂസ്റ്റനോടു ചേർന്നുകിടക്കുന്ന മിസോറി നഗരത്തിന്റെ ഭരണത്തിൽ എല്ലാ പൗരന്മാരുടെയും അഭിപ്രായവും പങ്കാളിത്തവും ഉറപ്പാക്കാൻ അദ്ദേഹം നിരവധി പരിപാടികൾ ആവിഷ്കരിച്ചു.
അടിസ്ഥാനസൗകര്യങ്ങളും വിനോദസൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയത് ഇന്ത്യൻ വംശജർക്കും മലയാളികൾക്കും അഭിമാനമായി.
ടീനയാണു ഭാര്യ. ലിയ, കെയ്റ്റ്ലിൻ എന്നിവർ മക്കൾ.

