കയ്റോ: സുഡാനിൽ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക ആർഎസ്എഫ് സേന 40 പേരെ വധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നിരവധിപ്പേർക്കു പരിക്കേറ്റു. ഭക്ഷണവും വെള്ളവുമില്ലാതെ ജനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് ഏതാനും മാസങ്ങളായി സംഘർഷത്തിന്റെ പ്രഭവകേന്ദ്രം. കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ അറിയിച്ചു.
ദാർഫുറിലെ സൈനിക കേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കൊർഡോഫനിലെ ബാര പട്ടണത്തിൽ ആർഎസ്എഫ് ഒൻപത് സ്ത്രീകളുൾപ്പെടെ 47 പേരെ വധിച്ചു. രണ്ടു വർഷമായി സുഡാനിൽ സർക്കാർ സേനയും ആർഎസ്എഫും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 40,000ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

