
കൊട്ടാരക്കര : സി.റോഡിൽ കലയപുരത്തു വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ റാഷിദ് (18), അല്‍ ഫഹദ് (18)എന്നിവരാണ് മരിച്ചത്.
ജീപ്പും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി 11 ന് കലയപുരം പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ അടിച്ചു പുറത്തേക്കുവന്ന ജീപ്പില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഇടിക്കുകയായിരുന്നു.
റാഷിദ് സംഭവസ്ഥലത്തുവെച്ചും അല്‍ ഫഹദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. പരിക്കേറ്റ അല്‍ ഫാസ് (19), ബിജിത്ത് (19) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച രണ്ടുപേരും പത്തനംതിട്ട തൈക്കാവ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.രണ്ടു ബൈക്കുകളിലായി ഇവര്‍ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കരയ്ക്കു വരും വഴിയാണ് അപകടമുണ്ടായത് .
സുഹൃത്തിന്റെ വീട്ടിൽ രണ്ടു ബൈക്കുകളിലായി പോയ ഇവർ മൽസരിച്ച് വാഹനമോടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വന്ന ജീപ്പിൽ രണ്ടു ബൈക്കുകളും ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയാണുണ്ടായത്.