കോട്ടയം: എംസി റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന നാഗമ്പടത്തെ പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം ഏപ്രില്‍, മേയ് മാസത്തോടെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. റെയില്ട്രാക്കിനു മുകളിലുള്ള പാലത്തിന്റെ നിര്‍മാണപുരോഗതി ജോസ് കെ. മാണി എംപി വിലയിരുത്തി. നടപടികള്‍ വേഗത്തിലാക്കണമെന്നും എംപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
40 വര്‍ഷത്തിലേറെ പഴക്കമുള്ള നാഗമ്പടത്തെ മേല്‍പ്പാലത്തിനു മതിയായ വീതിയില്ലാത്തത് നഗരത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായിരുന്നു. നിലവിലുള്ള മേല്‍പ്പാലം വളരെ ഇടുങ്ങിയതായതിനാല്‍ രണ്ട് വാഹനങ്ങള്‍ ഒരേസമയം കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കു പോലും മേല്‍പ്പാലത്തിലൂടെയുള്ള യാത്ര അസാധ്യമാണ്. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വീതി കൂടിയ പുതിയ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി എംപി നിരവധി തവണ റെയില്‍വേ മന്ത്രാലയവുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു പുതിയ മേല്‍പ്പാലം നിര്‍മാണത്തിന് അനുമതി ലഭിച്ചത്.
27.52 കോടി രൂപയാണ് നിര്‍മാണ ചെലവു പ്രതീക്ഷിക്കുന്നത്. നിലവില്‍ ആറു മീറ്റര്‍ വീതി മാത്രമുണ്ടായിരുന്ന റെയില്‍വേ മേല്‍പ്പാലത്തിനു പകരം 13 മീറ്റര്‍ വീതിയുള്ള പുതിയ മേല്‍പ്പാലമാണ് നാഗമ്പടത്ത് ഉയരുന്നത്. ഇതില്‍ 1.50 മീറ്റര്‍ വീതിയില്‍ രണ്ട് വശങ്ങളിലും നടപ്പാതയും ഉണ്ടാകും. ഒരേ സമയം രണ്ടു ഭാരവാഹനങ്ങള്‍ക്കും രണ്ടു ചെറു വാഹനങ്ങള്‍ക്കും കടന്നു പോകത്തക്ക രീതിയിലാണ് പുതിയ പാലം നിര്‍മിക്കുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ചു വടക്ക് ഭാഗത്തായി നിര്‍മാണം ആരംഭിച്ച രണ്ടാം നടപ്പാലം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ജോസ് കെ. മാണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഏകദേശം 78 ലക്ഷം രൂപയാണ് നിര്‍മാണത്തിനു ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ടും മൂന്നും പ്ലാറ്റ് ഫോമുകളില്‍നിന്നും ഒന്നിലേക്കും ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്നും രണ്ടും മൂന്നൂം പ്ലാറ്റ്ഫോമിലേക്കും കടക്കുന്നവര്‍ക്ക് വളരെ ഗുണകരമാകും. നിലവില്‍ നൂറുകണക്കിന് ആളുകള്‍ ട്രാക്കുകള്‍ മുറിച്ചുകടന്നാണു പ്ലാറ്റ് ഫോമുകളിലേക്ക് കടക്കുന്നത്. പുതിയ നടപ്പാലം പൂര്‍ത്തിയാകുന്നതോടെ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നും ജോസ് കെ. മാണി എംപി പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന, ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍) എസ്. പദ്മനാഭന്, കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍) ജോര്‍ജ് കുരുവിള, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എസ്. ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ജോജി കുറത്തിയാടന്‍ തുടങ്ങിയവരും എംപിക്കൊപ്പമുണ്ടായിരുന്നു.