കുമരകം: തന്റെ പഴയ കാര് ഏഴുമാസം മുമ്പ് വിറ്റിട്ടും ഇപ്പോഴും പിഴ അടയ്ക്കാന് നോട്ടീസ് വരുന്നത് 70 കാരനായ വയോധികന്. ഉടമസ്ഥാവകാശം രേഖാമൂലം മാറ്റം ചെയ്യാത്തതാണ് ചെങ്ങളം മൂന്നുമൂല സ്വദേശിയായ ടി.എസ്. മണിക്ക് വിനയായത്. വാഹനം വാങ്ങിയ ഈരാറ്റുപേട്ട സ്വദേശിയായ വി.എച്ച്. അസീസ് ഇപ്പോള് ഫോണ് വിളിച്ചാല് പോലും എടുക്കുന്നില്ലെന്നാണ് മണി പറയുന്നത്.
മോട്ടോര് വാഹന വകുപ്പ് ആര്സി ബുക്ക് പ്രിന്റ് ചെയ്യാതിരുന്ന സാഹചര്യത്തില് എഗ്രിമെന്റ് പ്രകാരമാണ് കാര് കൈമാറിയത്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നതിനാല് പണം അത്യാവശ്യമായി വന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം മാറ്റാതെ കാര് വില്ക്കേണ്ടി വന്നതെന്ന് മണി പറയുന്നു. കാര് നല്കിയപ്പോള് കാറിന് ഇന്ഷ്വറന്സ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അസീസ് ഇന്ഷ്വറന്സ്പുതുക്കിയിട്ടില്ല.
ആറു മാസമായി ഇന്ഷ്വറന്സില്ലാത്ത കാര് ഉണ്ടാക്കുന്ന എല്ലാ അപകടങ്ങളുടെയും ഉത്തരവാദിത്വം മണിയുടെ തലയിലായ സാഹചര്യമാണ് നിലവിലുള്ളത്. ആഴ്ചയില് കുറഞ്ഞത് രണ്ട് നിയമലംഘനത്തിനെങ്കിലും മണിക്ക് ഇപ്പോള് നോട്ടീസ് ലഭിക്കുന്നുണ്ട്.
രോഗിയായ ഇയാള്ക്ക് പിഴ ഒടുക്കാന് യാതൊരു വരുമാനമാര്ഗവും ഇല്ല. വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി കൈമാറാന് സഹായം അഭ്യര്ഥിച്ച് പോലീസ് അധികൃതര്ക്കും മോട്ടോര് വാഹന വകുപ്പിനും അപേക്ഷ നല്കി അലയുകയാണ് മണി.