പത്തനംതിട്ട: നിലയ്ക്കലില്‍ പൂര്‍ത്തിയായ ഹെലിപ്പാഡില്‍ നിന്ന് എയര്‍ ആംബുലന്‍സ് സൗകര്യം തീര്‍ഥാടനകാലത്ത് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മെംബര്‍ അജയ് തറയിലും അറിയിച്ചു.അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതിലേക്ക് രണ്ട് എയര്‍ ആംബുലന്‍സുകള്‍ ഹെലിപ്പാഡില്‍ പാര്‍ക്ക് ചെയ്യുന്നതു സംബന്ധിച്ചാണ് ആലോചന നടക്കുന്നത്.
എയര്‍ ആംബുലന്‍സ് സര്‍വീസ് സൗജന്യമായി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നുവരുന്നു. ശബരിമല ദര്‍ശനത്തിനായി ഹെലിപ്പാഡ് ഉപയോഗിക്കുന്നവര്‍ 20,000 രൂപ ദേവസ്വം ബോര്‍ഡില്‍ അടയ്ക്കണമെന്നും പ്രസിഡന്റ് അറിയിച്ചു. ശബരിമല മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ ഹെലിപ്പാഡ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് ഡബിള്‍ എന്ജിന് ഹെലികോപ്ടറുകള്‍ക്ക് ഒരേസമയം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ ്നിലയ്ക്കലിലെ ഹെലിപ്പാഡ് ഒരുക്കിയിരിക്കുന്നത്.
വിഐപികളെ ഉദ്ദേശിച്ചാണ് ഹെലിപ്പാഡ് നിര്‍മിച്ചിരിക്കുന്നതെങ്കിലും വിദേശത്തുനിന്നും മറ്റുമായി എത്തുന്ന തീര്‍ഥാടകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അടിയന്തരഘട്ടങ്ങളിലേക്ക് നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഹെലികോപ്ടര്‍ ടാക്സി സര്‍വീസിനുള്ള സാധ്യതയും ആരായും.