നീതിയുടെ തിരുമുറ്റത്ത് മായമില്ലാത്ത പച്ചക്കറികള്‍

tvm-cheeraതിരുവനന്തപുരം: നീതിവിധിയില്‍ മാത്രമല്ല,  ഈ കോടതി മുറ്റത്തെ കൃഷിയിലും മായവുമില്ല, കലര്‍പ്പുമില്ല.  വഞ്ചിയൂര്‍ ജില്ലാക് കോടതി വളപ്പിനെ ഹരിതാഭമാക്കി കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം നടപ്പിലാക്കിയ ജൈവപച്ചക്കറി കൃഷിത്തോട്ടത്തില്‍ വിളവെടുപ്പിനു തുടക്കമായി.   മനുഷ്യന്റെ ആരോഗ്യം നശിപ്പിച്ച് നിത്യരോഗികളാക്കി മാറ്റുന്ന വിഷം കലര്‍ന്ന പച്ചക്കറികള്‍ക്കുപകരം, ലഭ്യമായ സമയം കൂട്ടായി വിനിയോഗിച്ച് കൃഷി ചെയ്ത് സ്വന്തം ഭക്ഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോടതി വളപ്പില്‍ തരിശു കിടക്കുന്ന 70 സെന്റു സ്ഥലമാണ് ഇപ്രകാരം വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്തത്.

കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളി രസം മാറ്റി ജൈവവളങ്ങള്‍ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ സ്ഥലത്ത്ചീര,വെണ്ട, കത്തിരി, തക്കാളി, മുളക്, പാവല്‍, പടവലം,മഞ്ഞള്‍, കുമ്പളം, വള്ളിപ്പയര്‍ തുടങ്ങിയവ ഇനങ്ങള്‍ പൂര്‍ണമായും ജൈവകൃഷിരീതിയില്‍ കൃഷി ചെയ്തിരിക്കുന്നു.   കീടങ്ങളെ അകറ്റാന്‍ വേപ്പെണ്ണയും ഗോമൂത്രവും കാന്താരിമുളകും മറ്റും ഉപയോഗിച്ച് തയാറാക്കിയ മിശ്രിതങ്ങളാണ് തളിയ്ക്കുന്നത്.  മിത്രങ്ങളായ കുമിളുകളെയും ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ജൈവവളങ്ങള്‍ രോഗകീടനിയന്ത്രണത്തോടൊപ്പം മികച്ച വിളവും ഉറപ്പുവരുത്തുന്നു.

ജില്ലാ ജഡ്ജിമുതല്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ വരെ  കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.  കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേന പ്രവര്‍ത്തകരാണ് കൃഷിയുടെ ചുമതലക്കാര്‍.  നിലമൊരുക്കുക മുതല്‍ എല്ലാ കാര്‍ഷിക പ്രവാര്‍ത്തനങ്ങളും ഇവരുടെ ചുമതലയിലാണ്. ആദ്യവിളവെടുപ്പ് ജില്ലാ ജഡ്ജി വി.ഷിര്‍സി നിര്‍വഹിച്ചു. വിജിലന്‍സ് ജഡ്ജി ജോണ്‍.കെ.ഇല്ലിക്കാടന്‍, സിബിഐ ജഡ്ജി ആര്‍. രഘു, ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സിജിമോള്‍ കുരുവിള, അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് ബദറുദ്ദീന്‍, അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് എ.ഇജാസ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍, സെക്രട്ടറി ആനയറ ഷാജി,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.പ്രഭ, കൃഷി ഓഫീസര്‍ സി.എല്‍.മിനി, സീനിയര്‍ സൂപ്രണ്ട് സജുകുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.ജി.ബിനുലാല്‍, എസ്.അജയകുമാര്‍ മറ്റു ന്യായാധിപന്‍മാരും വക്കീലന്‍മാരും ഉദ്യോഗസ്ഥരും കാര്‍ഷിക കര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts