പാടശേഖരങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥരെത്തി

tcr-supplucoപാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിലെ വിളവെടുപ്പു നടക്കുന്ന പാടശേഖരങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ പരിശോധന യ്‌ക്കെത്തി. പേഡി പ്രൊക്രുമെന്റ് അസിസ്റ്റന്റ് ഓഫീസര്‍ കെ.ആര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക-കാക്കത്തുരുത്ത് പാടശേഖരത്തിലും കോക്കൂര്‍ പാടശേഖരത്തിലും നെല്‍കൃഷിയുടെ വിളവ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി എത്തിയത്.  നോണ്‍-കോള്‍ മേഖലയില്‍പെടുന്ന എളവള്ളി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഇത്തവണ മികച്ച വിളവാണ് ലഭിച്ചിട്ടുള്ളത്. നോണ്‍ കോള്‍മേഖലയില്‍നിന്നും ഏക്കറിന് 2200 കിലോ  നെല്ലാണ് സപ്ലൈകോ സംഭരിച്ചുവരുന്നത്.

ഇത്തവണ ഈ മേഖലയില്‍ കോള്‍പടവുകളില്‍നിന്നും ലഭിക്കുന്ന  ഏക്കറിന് 3200 കിലോ നെല്ലാണ് വിളവായിരിക്കുന്നത്. പാടശേഖരങ്ങളിലുണ്ടായ അധിക വിളവ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സംഭരിക്കാത്തതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയും  നെല്‍ പാടങ്ങളിലെ കൊയ്ത്ത് ഇടയ്ക്കുവച്ച് നിര്‍ത്തുകയുമായിരുന്നു. സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ പാടശേഖരങ്ങളിലെത്തുകയും അഞ്ച് സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ പല ഭാഗങ്ങൡലായി നെല്ല് കൊയ്‌തെടുത്ത് ശരാശരി വിളവ് കണക്കാക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ഈ മേഖലയിലെ പാടശേഖരങ്ങളില്‍ ഏക്കറിന് 3200 കിലോ നെല്ല് വിളവുണ്ടെന്ന് സ്ഥിരീകരിച്ചു. ഈ റിപ്പോര്‍ട്ട് ജില്ലാ പേഡി ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്. നെല്ല് സംഭരണം സംബന്ധിച്ച അനിശ്ചിതത്വം നീക്കി സംഭരണം ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പാടശേഖര സമിതി ഭാരവാഹികളായ ജിയോ ഫോക്‌സ്, കെ.പി. സണ്ണി, പി. ശിവശങ്കരന്‍ എന്നിവരും നെല്ലിന്റെ വിളവ് സ്ഥിരീകരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയിരുന്നു.

Related posts