ചെറായി: പള്ളിപ്പുറം കോവിലകത്തും കടവ് മാനഭംഗശ്രമക്കേസില്‍ മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ പ്ലസ്ടു വിദ്യാര്‍ഥിയെ ബോര്‍ഡ് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു രാത്രി തന്നെ ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. 17നു ഉച്ചക്കാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. കുതറിയോടി രക്ഷപ്പെടാന്‍ ശ്രമിക്കവേ യുവതിക്കു പരിക്കുമേറ്റിരുന്നു. സംഭവത്തിനുശേഷം പ്രതി ജില്ലയില്‍ തന്നെ പല ബന്ധുക്കളുടെ വീട്ടിലായി ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ പോലീസിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയം സങ്കീര്‍ണമായി. യുവതിയുടെ വീട്ടില്‍ എസ്. ശര്‍മ്മ എംഎല്‍എ സന്ദര്‍ശനം നടത്തുകയും പ്രതിയെ എത്രയും വേഗം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നു രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മുനമ്പം എസ്‌ഐ ജി. അരുണിന്റെ നേതൃത്വത്തില്‍ പോലീസ് തന്ത്രപരമായി പ്രതിയെ പിടികൂടിയത്.

