കൊച്ചി: പെട്രോള്‍ ഡീസല്‍ വില വര്‍ധന അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നിരിക്കെ പാചകവാതകത്തിനും വിലകൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകം സിലിണ്ടറിന് 23 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ വര്‍ധനയോടെ പാചകവാതകം സിലിണ്ടറിന് 569.50 രൂപയായി വര്‍ധിക്കും. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. വാണിജ്യസിലിണ്ടറിന് 38 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 1057.50 രൂപയായി.
എല്ലാമാസവും ഇന്ധനവില പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പാചകവാതകവിലയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കഴിഞ്ഞമാസവും വര്‍ധന ഉണ്ടായിരുന്നെങ്കിലും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്ധിച്ചിരുന്നില്ല. വര്‍ധിപ്പിച്ച നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍വില ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 17-ന് പെട്രോള്‍വില 83 പൈസയും ഡീസല്‍വില 1.26 രൂപയും വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയും രൂപയുടെ മുല്യത്തിലുണ്ടായ ഇടിവുമാണ് നിലവിലെ വിലവര്‍ധനയ്ക്കുള്ള കാരണം.
അതേസമയം, പൊതുബജറ്റില്‍ പ്രഖ്യാപിച്ച അധികനികുതി നിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍വരികയാണ്. സേവനനികുതിക്കുപുറമെ കൃഷി കല്യാണ്‍ സെസ് കൂടി ഇന്നുമുതല്‍ നല്‍കേണ്ടി വരും. ബാങ്കിംഗ്, മൊബൈല്‍, ഇന്‍ഷ്വറന്‍സ് മേഖലകളെ ബാധിക്കുന്ന പുതിയ നിര്‍ദേശം കൂടി എത്തുന്നതോടെ നിലവില്‍ സേവനനികുതി ഏര്‍പ്പെടുത്തുന്ന എല്ലാ മേഖലയിലും പുതിയ നികുതി ബാധകമാകും. ഇതോടെ ജീവിതച്ചെലവു കൂടും. ഇതിനിടെ പെട്രോള്‍ ഡീസല്‍, പാചകവാതക വര്‍ധനവുകൂടി ആകുന്നതോടെ പൊതുജനത്തിന്റെ ബജറ്റ് കാലിയാകുന്ന അവസ്ഥയാണ്.
പെട്രോള്‍ വിലയില്‍ വീര്‍പ്പുമുട്ടി ഇന്ത്യക്കാര്‍
അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിനു വില കൂടിയാലും കുറഞ്ഞാലും ഇന്ത്യക്കാര്‍ക്കു പ്രയോജനമില്ല. വില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയില്ല. നികുതി ഇനത്തില്‍ ലഭിക്കുന്ന വന്‍ലാഭം കണക്കാക്കിയാണ് അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞാലും ഇന്ത്യയില്‍ വില കുറയ്ക്കാത്തത്. കൂടിയ വിലയ്ക്കു തന്നെ പെട്രോള്‍ വാങ്ങേണ്ട ഗതികേടിലാണ് ഇന്ത്യക്കാര്‍. അതേസമയം, പെട്രോളിനു വില ഉയര്‍ന്നു നില്ക്കുമ്പോള് നികുതി ഉള്‍പ്പെടെ വെട്ടിക്കുറിച്ച് പെട്രോള്‍ വില ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തില്‍ പിടിച്ചുനിര്‍ത്താനും അധികൃതര്‍ മെനക്കെടുന്നില്ല.